31.1 C
Kottayam
Thursday, May 2, 2024

വാളയാര്‍ കേസില്‍ പ്രതിഷേധിച്ച് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Must read

വിളവൂര്‍ക്കല്‍: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിഷേധിച്ച് ക്ലാസ്സ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനു മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ സൂര്യനാരായണന്‍, ആദിത്യസുനില്‍, പ്രണവ് എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് സസ്പെന്റ് ചെയ്തത്. ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്പെന്‍ഷന്‍ പിന്നീട് രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നുദിവസമായി കുറക്കുകയായിരിന്നു.

സൂര്യനാരായണന്‍ വരച്ച കൈയ്ക്കുള്ളില്‍ പെണ്‍കുട്ടി നെരിഞ്ഞ് അമരുന്നതിന്റെ കാര്‍ട്ടൂണാണ് ഇവര്‍ ക്ലാസ് മുറിയുടെ ചുവരില്‍ ‘ജസ്റ്റിസ് ഫോര്‍ വാളയാര്‍ സിസ്റ്റേഴ്‌സ് ‘ എന്ന തലക്കെട്ടില്‍ ഒട്ടിച്ചത്’. ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറി പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍, മകളേ നിനക്ക് നീ മാത്രം ‘ എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. അദ്ധ്യാപികയുടെ അനുമതി വാങ്ങിയില്ല, പോസ്റ്റര്‍ പതിക്കരുതെന്ന് വിലക്കിയിട്ടും അനുസരിച്ചില്ല എന്നീ കുറ്റങ്ങളാണ് വിദ്യാര്‍ത്ഥിക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അദ്ധ്യാപകര്‍ പറയുന്നത് അനുസരിക്കാതെ ക്ലാസ് മുറിയില്‍ പോസ്റ്റര്‍ ഒട്ടിച്ചത് തെറ്റാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എഴുതിവാങ്ങിയ ശേഷമാണ് സസ്പെന്‍ഷന്‍ മൂന്ന് ദിവസമായി ചുരുക്കിയതെന്ന് സൂര്യനാരായണന്റെ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week