കൊച്ചി: കൊച്ചിയിൽ അഞ്ച് തരം ലഹരി മരുന്നുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. ഇടപ്പള്ളിയിലെ ഹോട്ടൽമുറി കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിയ ഗർഭിണിയടക്കം മൂന്ന് പേരെയാണ് ചേരാനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശി നൗഫൽ,സനൂപ് ,മുണ്ടക്കയം സ്വദേശി അപർണ്ണ എന്നിവരാണ് പിടിയിലായത്. അപർണ്ണ ആറ് മാസം ഗർഭിണിയാണ്. നഗരത്തിലെ മറ്റ് ലഹരി സംഘങ്ങളുമായി ഇവർ ഇടപാട് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അപർണ്ണയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിക്കടുത്ത് മുറിയെടുത്തെന്നാണ് ഇവർ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചത്.എന്നാൽ ഹോട്ടൽ മുറി കേന്ദ്രീകരിച്ച് നടന്നത് വ്യാപക ലഹരി ഇടപാടുകളാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ, നൈട്രാസെപാം ഗുളികകൾ,കഞ്ചാവ്, ഹാഷിഷ് ഓയിൽ, എൽ എസ് ഡി സ്റ്റാംപ് അടക്കം അഞ്ച് തരം ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഹോട്ടൽ മുറിയിലേക്ക് ഇടപാടുകാരെ വിളിച്ച് വരുത്തിയാണ് വില്പനയെന്നും പൊലീസ് പറഞ്ഞു.
ഇവർക്ക് മറ്റ് ലഹരിസംഘങ്ങളുമായി ബന്ധമുണ്ട്. പലതരം സംഘങ്ങളിൽ നിന്നാണ് വ്യത്യസ്തമായ ലഹരി വസ്തുക്കൾ ഇവർ വാങ്ങി വില്പനക്കായി എത്തിച്ചത്. കൊച്ചി പൊലീസ് ഹോട്ടൽ മുറി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംശയം തോന്നി ഇവരുടെ മുറി പരിശോധിച്ചത്. പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. ഇവരുമായി ബന്ധം തുടർന്നിരുന്ന മറ്റ് സംഘങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതോടെ അത്തരം കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ. മൂന്ന് പ്രതികളും സമാന കേസുകളിൽ നേരത്തെയും പ്രതികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.