മത്സരയോട്ടം ദുരന്തമായി,ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം

ചങ്ങനാശ്ശേരി: റേസിങ് നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടിൽ മുരുകൻ ആചാരി(67), ചങ്ങനാശ്ശേരി ടി.ബി.റോഡിൽ കാർത്തിക ജൂവലറി ഉടമ പുഴവാത് കാർത്തികഭവനിൽ സേതുനാഥ് നടേശൻ (41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ പി.എസ്.ശരത് (18) എന്നിവരാണ് മരിച്ചത്.

ബൈപ്പാസ് റോഡിൽ ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. മുരുകൻ ആചാരി പുഴവാതിലെ വീട്ടിലെത്തി, സേതുനാഥിനെയുംകൂട്ടി കോട്ടയത്തേക്കുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവർ കച്ചവടാവശ്യത്തിനായാണ് പോയത്.
സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിലേക്ക്, റേസിങ് നടത്തുകയായിരുന്ന ശരത്തിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.

രണ്ടുപേർ സംഭവസ്ഥലത്തും മുരുകനാചാരി ചെത്തിപ്പുഴ ആശുപത്രിയിലും മരിച്ചു. റേസിങ്ങിനെത്തിയ മറ്റൊരു ബൈക്ക് അപകടം നടന്നയുടനെ നിർത്താതെ പോയതായി സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. മൃതദേഹങ്ങൾ ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ചങ്ങനാശ്ശേരി പോലീസ് മേൽനടപടി സ്വീകരിച്ചു.

മരിച്ച മുരുകന്റെ ഭാര്യ ആശാലത. മക്കൾ: രാഹുൽ, ഗോകുൽ. മരിച്ച സേതുനാഥിന്റെ ഭാര്യ രഞ്ജിനി. മക്കൾ: ദക്ഷ, പ്രഭുദേവ്, വേദ. പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ സുരേഷിന്റെ മകനാണ് മരിച്ച ശരത് പി.എസ്. അമ്മ: സുജാത. സഹോദരി: ശില്പ.