ആറുമാസം പഴക്കമുള്ള മീന്‍ കടത്താന്‍ ശ്രമം; തിരുവനന്തപുരത്ത് മൂന്നു പേര്‍ പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് ആറ് മാസം പഴക്കമുള്ള മീന്‍ കടത്തിയ മൂന്ന് പേര്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായത്താണ് മത്സ്യം കടത്തിയ വാഹനം ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. ഗുജറാത്തില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്ന് വാഹനത്തിലുള്ളവര്‍ പറഞ്ഞു. പിടിയിലായവരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.
ഇന്നലെ രാത്രിയാണ് മത്സ്യം കയറ്റിവന്ന കണ്ടെയ്നര്‍ ലോറി പോലീസ് പിടികൂടിയത്. വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ ലോറി പിന്തുടര്‍ന്ന് പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാനാകില്ലെന്നും ബോധ്യമായി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മത്സ്യത്തിന് ആറ് മാസം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. ഇതോടെ കണ്ടെയ്നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടി.