തൊടുപുഴയില്‍ ഏഴുവയസുകാരനെ രണ്ടാനഛന്‍ ഭിത്തിയിലടിച്ചുകൊന്ന കേസില്‍ വഴിത്തിരിവ്,കുട്ടിയുടെ അഛനെയും കൊല ചെയ്തത് ആനന്ദെന്ന് സംശയം,കുട്ടിയുടെ അഛന്റെ മൃതദേഹം കുഴിമാടം തുറന്ന് പരിശോധിച്ചു
തൊടുപുഴ: തൊടുപുഴയിൽ ഏഴു വയസുകാരനെ രണ്ടാനച്ഛൻ ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ കേസ് മറ്റൊരു കേസിന് വഴിത്തിരിവാകുന്നു. കുട്ടിയുടെ അച്ഛനെയും പ്രതിയായ രണ്ടാനച്ഛൻ അരുൺ ആനന്ദ് തന്നെ കൊലപ്പെടുത്തിയതാണെന്ന് സംശയം ബലപ്പെടുകയാണ്. ഇതേത്തുടർന്ന് രണ്ട് വർഷം മുമ്പ് മരിച്ച കുട്ടിയുടെ പിതാവ് ബിജുവിന്‍റ മൃതദേഹം ക്രൈംബ്രാഞ്ച് പുറത്തെടുത്ത് പരിശോധന നടത്തി.
രണ്ട് വർഷം മമ്പാണ് തൊടുപുഴയിൽ ആര്യനെന്ന രണ്ട് വയസ്സുകാരനെ രണ്ടാം പിതാവ് അരുൺ ആനന്ദ് ഭിത്തിയിലടച്ച് കൊലപ്പെടുത്തിയ നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂടെ താമസിച്ചിരുന്ന കാമുകിയുടെ മകനെയാണ് അരുൺ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ആര്യന്‍റെ അമ്മ അഞ്ജനയേയും അരുൺ ആനന്ദിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആര്യൻ കൊല്ലപ്പെടുന്നതിന് നാല് മാസം മുമ്പാണ് ആര്യന്‍റെ അച്ഛൻ ബിജു മരിക്കുന്നത്. ഹൃദയാഘാതമാണെന്ന നിഗമനത്തെ തുടർന്ന് മൃതദേഹം സംസ്കരിച്ചു. ബിജു മരിച്ച് മാസങ്ങൾക്കകം അഞ്ജന കാമുകൻ അരുണിനൊപ്പം ജീവിക്കാൻ തുടങ്ങി. ബിജുവിന്‍റേത് കൊലപാതകമാണോ എന്ന് അന്ന് തന്നെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. ബിജു മരിച്ച ദിവസം രാത്രി അഞ്ജന ബിജുവിന് കുടിക്കാനായി പാൽ നൽകിയിരുന്നു എന്ന മൊഴി കൂടിയായപ്പോൾ സംശയം ബലപ്പെട്ടു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെത്തി ബിജുവിന്‍റെ കുഴിമാടം പരിശോധിച്ചത്.
ബിജുവിന് പാലിൽ അഞ്ജന വിഷം കലർത്തി നൽകിയിരുന്നോ, ഇത് അരുൺ ആനന്ദിന്‍റെ നിർദേശ പ്രകാരമായിരുന്നോ എന്നതാണ് ക്രൈം ബ്രാഞ്ച് അന്യേഷിക്കുന്നത്. മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും തുടർ നടപടികൾ.