EntertainmentKeralaNews

ഷൂട്ടിനിടെയാണ് അവർ പിറന്നത്; എന്താണ് തനിക്ക് അർഹതപ്പെട്ടതെന്ന് നയൻതാരയ്ക്കറിയാം; സഞ്ജീത

ചെന്നൈ:തെന്നിന്ത്യൻ സിനിമാ രം​ഗത്ത് മാത്രമല്ല, ബോളിവുഡിൽ പോലും നയൻതാരയുടെ കരിയർ ​ഗ്രാഫ് ഇന്ന് ചർച്ചയാണ്. ആരും കൊതിക്കുന്ന മാർക്കറ്റ് മൂല്യമുള്ള നടിയായി ഉയർന്ന് വന്ന നയൻതാരയ്ക്ക് ഇന്ന് കൈനിറയെ അവസരങ്ങളാണ്. മികച്ച അഭിനേത്രിമാർ ഒരുപാട് വന്നിട്ടുണ്ടെങ്കിലും നയൻതാരയെ പോലെ ആഘോഷിക്കപ്പെട്ട നടിമാർ വിരളമാണ്. മഞ്ജു വാര്യർ, ശ്രീദേവി, അനുഷ്ക ഷെട്ടി, ദീപിക പദുകോൺ തുടങ്ങി ചുരുക്കം നായികമാർക്കേ നായകൻമാരെ പോലും നിഷപ്രഭരാക്കുന്ന താരമൂല്യം സ്വന്തമാക്കാൻ സാധിച്ചുള്ളൂ.

തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് 20 വർഷം മുൻനിര നായിക നടിയായി നയൻതാരയ്ക്ക് തുടരാൻ കഴിഞ്ഞത് തന്നെ അപൂർവ കാഴ്ചയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും സെൻസേഷനായി മാറിയ പല നടിമാർക്കും പിന്നീട് താരത്തിളക്കം നഷ്ടപ്പെട്ടു. എന്നാൽ അന്നത്തെ നായകൻമാർ ഇന്നും സൂപ്പർ താരങ്ങളാണ്. ഇവർക്കിടയിലാണ് നയൻതാര ലേഡി സൂപ്പർസ്റ്റാറായി തിളങ്ങുന്നത്.

Nayanthara

നയൻതാരയുടെ ഇന്നത്തെ നിലയിലേക്കുള്ള വളർച്ചയെക്കുറിച്ച് സംസാരിക്കുകയാണ് നടി സഞ്ജീത ഭട്ടാചാര്യ. റിലീസിനൊരുങ്ങുന്ന ജവാൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മനസിലുള്ളത് തുറന്ന് പറയുന്ന വ്യക്തിയാണ് നയൻതാരയെന്ന് സഞ്ജീത ഭട്ടാചാര്യ പറയുന്നു. ഇത്രയും വർഷങ്ങൾ സിനിമാ രം​ഗത്ത് നയൻതാരയ്ക്ക് തുടരാൻ കഴിഞ്ഞു. ഒരു വ്യക്തിയെന്ന നിലയിൽ സ്വയം ബോധ്യം അവർക്കുണ്ട്. അതാണ് നയൻതാരയിൽ നിന്നും താൻ പഠിച്ചത്. ആരാണെന്നും എന്താണ് തനിക്ക് അർഹതപ്പെട്ടതെന്നും നയൻതാരയ്ക്ക് അറിയാം.

നടി എന്നതിനപ്പുറം ഒരു വ്യക്തിയെന്ന നിലയിൽ അതാണ് താൻ നയൻതാരയിൽ നിന്നും മാതൃകയാക്കുന്നതെന്നും സഞ്ജീത ഭട്ടാചാര്യ വ്യക്തമാക്കി. ജവാൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നയൻതാര അമ്മയായതെന്നും സഞ്ജീത തുറന്ന് പറഞ്ഞു. ഷൂട്ടിനിടെയാണ് അവർ ജനിച്ചത്. മാത്രമല്ല അറ്റ്ലി സാറിനും ഷൂട്ടിം​ഗിനിടെയാണ് കുഞ്ഞ് ജനിച്ചത്. വ്യക്തി ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രാധാന്യവും സ്നേഹവും ആത്മാർത്ഥയും അവർ നൽകി. രണ്ട് പേരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും സഞ്ജീത വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വാടക ​ഗർഭധാരണത്തിലൂടെ നയൻതാരയ്ക്ക് കുഞ്ഞ് പിറന്നത്. ഈ വർഷം ജനുവരിയിൽ അറ്റ്ലിക്കും ഭാര്യ പ്രിയക്കും കുഞ്ഞ് പിറന്നു. രണ്ട് പേരുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾക്കിടെയാണ് ജവാന്റെ ഷൂട്ടിം​ഗ് നടന്നത്. നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും അന്ന് ചില വിവാദങ്ങളിലും പെട്ടു.

വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ച സാ​ഹചര്യമുണ്ടായി. ഇതിനിടെ താര ദമ്പതികൾക്കെതിരെ വ്യാപക സൈബറാക്രമണങ്ങളും നടന്നു. എന്നാൽ താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. ഇതോടെ വിവാദം അവസാനിച്ചു.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴേക്കും ഇരുവരും കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചു. വിവാഹത്തിന് മുമ്പ് വാടക ​ഗർഭധാരണത്തിന് വേണ്ട നിയമപരമായ നടപടിക്രമങ്ങളും മറ്റും പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയ നടി മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം ആദ്യ പോസ്റ്റിൽ കാണിക്കുകയും ചെയ്തു.

ജവാനാണ് നയൻതാരയുടെ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. ഷാരൂഖ് ഖാൻ നായകനായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖും നയൻതാരയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുമാണ് ജവാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button