വലിയ വീട് കണ്ട് മോഷ്ടിക്കാന്‍ കയറിയ സംഘത്തിന് കിട്ടിയത് എട്ടിന്റെ പണി; വീട്ടുകാരെ കെട്ടിയിട്ട് തെരച്ചില്‍ നടത്തിയിയെങ്കിലും ആകെ ലഭിച്ചത് 15 പട്ടുസാരികള്‍ മാത്രം!
ചെന്നൈ: വീട്ടില്‍ അതിക്രമിച്ച് കയറി മൂന്നംഗ കുടുംബത്തെ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മോഷണം. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിയാതിരുന്ന മോഷണ സംഘം പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുമായി കടന്നുകളഞ്ഞു. ഇതിന് പുറമേ 15 സില്‍ക്ക് സാരിയും ഒരു കിലോഗ്രാം വരുന്ന വെള്ളി ഉല്‍പ്പന്നങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും മോഷണ സംഘം കവര്‍ന്നതായി പരാതിയില്‍ പറയുന്നു.
ചെന്നൈയ്ക്ക് അടുത്തുള്ള ഗുമ്മുദീപൂണ്ടിയില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. വീട്ടില്‍ ദമ്പതികളും മകനും മാത്രമാണ് ഉണ്ടായിരുന്നത്. വലിയ വീട്ടില്‍ നിരവധി വിലപ്പിടിപ്പുള്ള സാധന സാമഗ്രികള്‍ ഉണ്ടാകുമെന്ന് കരുതിയാണ് മോഷണ സംഘം കര്‍ഷകനായ ഏകാംബരത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. വീട്ടില്‍ അതിക്രമിച്ച് കയറുന്ന സമയത്ത് മകന്‍ വീടിന്റെ ഒന്നാമത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു.
മാസ്‌ക് ധരിച്ചെത്തിയ സായുധ സംഘമാണ് വീട്ടില്‍ മോഷണം നടത്തിയത്. മൂവരെയും കസേരയില്‍ കെട്ടിയിട്ട സംഘം വിലപ്പിടിപ്പുള്ള സാധനങ്ങള്‍ക്കായി വീട് മുഴുവന്‍ തെരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ നേരത്തെ തെരച്ചിലിന് ഒടുവില്‍ 15 സില്‍ക്ക് സാരിയും ഒരു കിലോഗ്രാം വരുന്ന വെള്ളി ഉല്‍പ്പന്നങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
നിരാശരായ സംഘം അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ മോചിപ്പിക്കാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത്രയും വലിയ വീട്ടില്‍ വിലപ്പിടിപ്പുള്ള സാധന സാമഗ്രികള്‍ എന്തുകൊണ്ട് സൂക്ഷിക്കുന്നില്ല എന്ന് ദമ്പതികളോട് മോഷണ സംഘം ചോദിച്ചതായി പോലീസ് പറയുന്നു. വീട്ടില്‍ വിലപ്പിടിപ്പുള്ള ഒന്നും തന്നെയില്ല എന്ന് ദമ്പതികള്‍ കേണപേക്ഷിച്ചതോടെ സംഘം പുറത്തുകിടന്ന കാറുമായി കടന്നുകളഞ്ഞതായി പോലീസ് പറയുന്നു. സംഘത്തെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തി.