‘ഒന്നുമല്ലാതിരുന്ന ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരന് മേൽവിലാസം നേടിക്കൊടുത്ത ശബ്‌ദം’; കുറിപ്പ് വൈറൽ
കൊച്ചി:നടൻ ഇന്നസെന്റ് ഇനിയില്ല എന്ന് വിശ്വസിക്കാൻ കഴിയാതെ, ആ വേദനയിലിരിക്കുകയാണ് പ്രേക്ഷകരും മലയാള സിനിമ ലോകവും. മുൻപ് പലതവണ മരണത്തിന്റെ പടിവാതിക്കലിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ആളാണ് ഇന്നസെന്റ്. ആദ്യ അപകടത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിൽ രണ്ടു തവണ അർബുദ രോഗമായിരുന്നു കാരണം. എന്നാൽ അതിനെയൊക്കെ അതിജീവിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാനായി വീണ്ടും എത്തുകയായിരുന്നു ഇന്നസെന്റ്.
എന്നാൽ ഒടുവിൽ ന്യുമോണിയക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ് നടൻ. ഇന്നലെ രാത്രി ആയിരുന്നു ഇന്നസെന്റിന്റെ വിയോഗം. ഒരാഴ്ചയോളം അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം. മരണ വാർത്ത അറിഞ്ഞതു മുതൽ ആശുപത്രിയിലേക്ക് സിനിമ താരങ്ങളുടെ ഒഴുക്കായിരുന്നു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അടക്കം അനുശോചനം രേഖപ്പെടുത്തിയത്.
അക്കൂട്ടത്തിൽ ആദ്യം വന്ന കുറിപ്പായിരുന്നു നടൻ ദിലീപിന്റേത്. നിരവധി സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ളവരാണ് ദിലീപും ഇന്നസെന്റും. നടനെ കാണാൻ ആശുപത്രിയിലും ദിലീപ് എത്തിയിരുന്നു. മന്ത്രി പി രാജീവ് ഔദ്യോഗികമായി മരണ വിവരം അറിയിച്ച ശേഷം കരഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ദിലീപിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിന് പിന്നാലെയാണ് ഫേസ്‌ബുക്കിലും ദിലീപ് വേദന പങ്കുവച്ചത്.
‘വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു…’
‘കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും’ എന്നായിരുന്നു ദിലീപിന്റെ കുറിപ്പ്.
ഇപ്പോഴിതാ, അതിന് പിന്നാലെ ദിലീപിന്റെ ഫാൻസ് പേജുകളിൽ വന്ന കുറിപ്പുകളും ശ്രദ്ധനേടുകയാണ്. ‘ഒന്നുമല്ലാതിരുന്ന ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരന് കലാരംഗത്തു മേൽവിലാസം നേടിക്കൊടുത്തത് ഇന്നസെന്റ് ചേട്ടന്റ ശബ്ദമായിരുന്നു. ഗോപാലകൃഷ്ണൻ വളർന്ന ജനപ്രിയനായകൻ ദിലീപ് ആയപ്പോഴും താങ്ങായും തണലായും ഇന്നസെന്റ് എന്നും കൂടെ ഉണ്ടായിരുന്നു. മറക്കില്ലൊരിക്കലും..!!’
‘ജീവിതത്തിൽ അച്ഛനായി ജേഷ്ഠ സഹോദരനായി എല്ലാ കാലവും ഒപ്പമുണ്ടായിരുന്ന വ്യക്തി, വിഷമഘട്ടങ്ങളിൽ കൈത്താങ്ങു ആയി നിന്ന വ്യക്തി, പെട്ടെന്ന് ഓർമ്മയാകുമ്പോൾ ഒരു ശൂന്യതയുണ്ടാകും…!! ദിലീപേട്ടന് ഇന്നസെന്റ് ചേട്ടൻ ആരായിരുന്നു എന്ന് മലയാള സിനിമ ലോകത്തിനു മുഴുവനുമറിയാം… ആ മനുഷ്യന്റെ വിയോഗം വരുത്തുന്ന വിടവ് ഒരുകാലത്തും നികത്തുവാനും സാധിക്കുകയില്ല….’ എന്നുമായിരുന്നു ദിലീപ് ഓൺലൈൻ എന്ന ഫാൻ ഗ്രൂപ്പിൽ വന്ന കുറിപ്പുകൾ.
വേദികളിൽ ഇന്നസെന്റിനെ അനുകരിച്ചുകൊണ്ട് തിളങ്ങിയ ഗോപാലകൃഷ്ണൻ എന്ന മിമിക്രിക്കാരനാണ് ഇന്ന് കാണുന്ന ജനപ്രീയ നായകൻ ദിലീപ് മാറിയത്. മിമിക്രിക്കാർക്കിടയിൽ അന്ന് ആരും അങ്ങനെ ശ്രമിക്കാതിരുന്ന ശബ്ദമായിരുന്നു ഇന്നസെന്റിന്റേത്. അത് അനായാസം കൈകാര്യം ചെയ്ത ദിലീപ് അതിലൂടെ താരമായി മാറുകയായിരുന്നു.
വലിയ നടനും നിർമാതാവുമൊക്കെ ആയി മാറിയപ്പോഴും ആ സ്നേഹം ഇരുവരും പരസ്‌പരം കാണിച്ചിരുന്നു. അടുത്തിടെ പോലും ഒരു വേദിയിൽ ദിലീപ് ഇന്നസെന്റിനെ അവതരിപ്പിച്ചിരുന്നു.