FeaturedHome-bannerKeralaNews

ബ്രഹ്‌മപുരം തീപ്പിടുത്തം:പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു,കാരണമിതാണ്‌

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യക്കൂനകൾക്ക് ആരെങ്കിലും തീവച്ചതാണെന്നതിനു തെളിവുകൾ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കമ്മിഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ്‌ കമ്മിഷണർ കെ. സേതുരാമൻ ഇന്നലെ രാത്രിയാണു ചീഫ്‌ സെക്രട്ടറി വി. പി. ജോയിക്ക‌ു കൈമാറുന്നതിനായി ഡിജിപി അനിൽകാന്തിന് ഇ–മെയിലിൽ റിപ്പോർട്ട്‌ സമർപ്പിച്ചത്‌.

എന്നാൽ, അട്ടിമറി നടന്നിട്ടുണ്ടോ എന്നതുറപ്പിക്കാനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. തീപിട‌ിത്തം നടന്ന സ്ഥലത്തിന്റെ ദൃശ്യമികവുള്ള ഉപഗ്രഹ ചിത്രങ്ങളും കത്തിയ മാലിന്യത്തിന്റെ സാമ്പിളിന്റെ ഫൊറൻസിക്‌ റിപ്പോർട്ടും കേസിൽ നിർണായകമാണ്. ഇതു ലഭിച്ചാലേ അന്തിമ തീരുമാനത്തിൽ എത്താനാകൂ. ഇതു ലഭിക്കാൻ ഇനിയും സമയമെടുക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൃക്കാക്കര എസിപി പി.വി.ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

ഉയർന്ന ദൃശ്യമികവുള്ള ഉപഗ്രഹ ചിത്രങ്ങൾ ലഭിക്കാൻ പൊലീസ്‌ അഭ്യർഥന പ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദേശ ഏജൻസികളെ സമീപിച്ചിരുന്നു. വിദേശ സാറ്റലൈറ്റ്‌ ദൃശ്യങ്ങൾ രാജ്യത്തു വിൽക്കുന്ന ഡിജിറ്റൽ ഗ്ലോബ്‌, മാക്‌സർ എന്നീ ഏജൻസികളുടെ സേവനമാണ് തേടിയത്. ഇവരുടെ മറുപടി ഇനിയും ലഭിച്ചിട്ടില്ല. മറുപടി അനുകൂലമല്ലെങ്കിൽ കൂടുതൽ ഏജൻസികളെ സമീപിക്കും. ചിത്രങ്ങൾ ലഭിക്കാൻ ഒരു മാസത്തോളമെടുക്കുമെന്നാണു നിഗമനം.

ബ്രഹ്മപുരത്തെ തീപിടിത്ത പ്രദേശവും, ദിവസങ്ങളും വ്യക്തമാക്കാൻ കഴിയുംവിധത്തിലുള്ള ഉപഗ്രഹ ചിത്രങ്ങൾ ഏജൻസികളുടെ കൈയ്യിലുണ്ടെന്ന്‌ ബോധ്യപ്പെട്ടാൽ അതോറിറ്റി നാഷനൽ റിമോ‍ട്ട് സെൻസിങ്‌ സെന്ററിനെ (എൻആർഎസ്‌സി) ഇക്കാര്യം അറിയിക്കും. തുടർന്ന്‌ എൻആർഎസ്‌സി വഴി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം ഇത്‌ സർക്കാർ നിയോഗിച്ച അന്വേഷണ സമിതിക്കും കൊച്ചി സിറ്റി പൊലീസിനും കൈമാറും.

ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന വിജിലൻസിന്റെ പ്രത്യേകാന്വേഷണ സംഘം ബയോമൈനിങ് കരാർ ഏറ്റെടുത്ത സോണ്ട ഇൻഫ്രാടെക് കമ്പനി പ്രതിനിധികളുടെ മൊഴി ഇന്നു രേഖപ്പെടുത്തും. എറണാകുളം വിജിലൻസ്‌ ഓഫിസിൽ രാവിലെ 10ന്‌ മൊഴി രേഖപ്പെടുത്തൽ ആരംഭിക്കും. നാളെയും തുടരുമെന്നാണു സൂചന. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശ്രമത്തിലാണു വിജിലൻസ്‌.

എറണാകുളം വിജിലൻസ് സ്‌പെഷൽ സെൽ എസ്‌പി പി.ബിജോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ്‌ അന്വേഷിക്കുന്നത്‌. ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധന ആരംഭിച്ചിരുന്നു. 15 വർഷത്തെ ഇടപാടുകളെപ്പറ്റി ആ കാലത്തു സെക്രട്ടറിമാര‌ായും എക്‌സിക്യൂട്ടീവ് എൻജിനിയർമാരുമായി ജോലിചെയ്തവരുടെ മൊഴിയെടുക്കും. തെളിവെടുപ്പിനായി ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലും അന്വേഷണസംഘം എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker