NationalNews

ഇ.ഡി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കോടതി;മദ്യനയ അഴിമതിക്കേസ് ജാമ്യ ഉത്തരവില്‍ കേന്ദ്രത്തിന് വന്‍തിരിച്ചടി

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ്ങിന് ജാമ്യം. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സഞ്ജയ് സിങ്ങിന് ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എതിർത്തില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ തിഹാർ ജയിലിൽ എത്തിയതിനു പിന്നാലെയാണ് സഞ്ജയ് സിങ്ങിന് ജാമ്യം ലഭിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. ഇ.ഡിക്കെതിരെ വിമർശനം ഉയർത്തിക്കൊണ്ടാണ് സുപ്രീം കോടതി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചത്. സഞ്ജയ് സിങ്ങിനെതിരെ ഇ.ഡി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പണം കണ്ടെത്താനും ഇ.ഡിക്ക് സാധിച്ചിട്ടില്ല. മാപ്പുസാക്ഷിയായ ദിനേശ് അറോറയുടെ മൊഴിയിലും സഞ്ജയ് സിങ്ങിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ജാമ്യ കാലയളവിൽ സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഈ ഉത്തരവ് കീഴ്‌വഴക്കമായി പരിഗണിക്കരുതെന്ന് നിർദ്ദേശിച്ച കോടതി, സഞ്ജയ് സിങ് കേസിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നത് വിലക്കി.

കഴിഞ്ഞ വർഷം ഒക്ടോബർ നാലിനാണ് ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഡൽഹി നോർത്ത് അവന്യുവിലെ ഔദ്യോഗിക വസതിയിൽ രാവിലെ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് 10 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

മദ്യനയത്തിന്റെ മറവിൽ എഎപിക്കു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ഇടനിലക്കാരനായ ദിനേശ് അറോറയെ സഞ്ജയ് സിങ് പ്രയോജനപ്പെടുത്തിയെന്നാണ് ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. രണ്ടുഘട്ടമായി ദിനേശ് അറോറ രണ്ടു കോടി രൂപ സഞ്ജയ് സിങ്ങിനു കൈമാറിയെന്നും ഇ.ഡി ആരോപിച്ചെങ്കിലും സഞ്ജയ് സിങ് ഇതു നിഷേധിച്ചു.

സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പ്രവർത്തകർ വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പൊലീസിനു നേരെ ചിലർ കസേര വലിച്ചെറിയുകയും ചെയ്തു. ബലംപ്രയോഗിച്ച് പ്രവർത്തകരെ നീക്കിയാണ് വാഹനത്തിനു വഴിയൊരുക്കിയത്. അറസ്റ്റിനു മുൻപ് റെക്കോർഡ് ചെയ്ത വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഞ്ജയ് സിങ് രൂക്ഷമായി വിമർശിച്ചിരുന്നു. അദാനിക്കെതിരെ നിലപാടെടുത്തതിനാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു എഎപിയുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker