CrimeKeralaNews

ആശങ്കകള്‍ മറച്ചുവയ്ക്കുന്നില്ല: ആരാണ് ഇതിന് പിന്നില്‍ എന്ന് മാത്രമേ ഇനി അറിയാനുള്ളു: രാജേഷ് ബി മേനോന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സുപ്രധാന വഴിത്തിരിവിലെത്തി നില്‍ക്കെ ക്രൈംബ്രാഞ്ച് എ ഡി ജി പി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കയും ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ഇടപടല്‍ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം.

ഡബ്ല്യൂ സി സി , യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍, കെ കെ രമ എം എല്‍ എ തുടങ്ങിയവരും വിഷയത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തി. ഇപ്പോഴിതാ നടിയുടെ ബന്ധുവും സംവിധായകരനുമായ രാജേഷ് ബി മേനോനും സനമാനമായ ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ്.

ആശങ്കകള്‍ മറച്ചുവയ്ക്കുന്നില്ല. കേസ് അട്ടിമറിക്കപ്പെടുകയാണെന്നാണ് രാജേഷ് ബി മേനോന്‍ ആരോപിക്കുന്നത്. ആരാണ് ഇതിന് പിറകില്‍ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. കെട്ടുകള്‍ കടുംകെട്ടുകളാക്കി ഒരിക്കലും അഴിക്കാന്‍ സാധിക്കാത്തവിധം ആരൊക്കെയോ ചേര്‍ന്ന് കുരുക്കുകള്‍ മുറുക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആശങ്കകള്‍ മറച്ചുവയ്ക്കുന്നില്ല. കേസ് അട്ടിമറിക്കപ്പെടുകയാണ്. ആരാണ് ഇതിന് പിറകില്‍ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. കെട്ടുകള്‍ കടുംകെട്ടുകളാക്കി ഒരിക്കലും അഴിക്കാന്‍ സാധിക്കാത്തവിധം ആരൊക്കെയോ ചേര്‍ന്ന് കുരുക്കുകള്‍ മുറുക്കുകയാണ്. വളരെ ലളിതമായ ചില സംശയങ്ങളാണ് ഈ കുറിപ്പിനാധാരം. നിയമജ്ഞര്‍ നിയമങ്ങള്‍ക്കും കോടതി നടപടികള്‍ക്കും അതീതരാണോ? എല്ലാവരും ഒരുപോലെ അനുസരിക്കേണ്ട നിയമം അവര്‍ക്ക് ബാധകമല്ല എന്നുണ്ടോ?

ഈ കേസിലെ മുന്നോട്ടുള്ള ഗതിക്ക് ഏറ്റവും അവശ്യമായി വേണ്ടത് പ്രതിഭാഗം അഭിഭാഷകരേയും ശിരസ്തദാറേയും തൊണ്ടി ക്ലര്‍ക്കിനെയും ചോദ്യം ചെയ്യുക എന്നുള്ളതാണ്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ഈ കേസിന്റെ നിജസ്ഥിതി വെളിച്ചത്തു വരുമെന്ന ഭയം പലര്‍ക്കും ഉള്ളതുകൊണ്ട് മാത്രമാണ് ഈ കേസിന്റെ അന്വേഷണ ചുമതലയില്‍ ഉണ്ടായിരുന്ന എ ഡി ജി പി ശ്രീജിത്തിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

അന്വേഷണം കൃത്യമായ വഴിയിലൂടെയാണ് പോകുന്നതെന്ന് ഈ സ്ഥാനമാറ്റം തെളിയിക്കുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണം മറ്റൊരു തലത്തിലേക്ക്, ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഇതിലും വലിയ മറ്റ് കക്ഷികളിലേക്ക് കടന്ന് പോകുമോ എന്ന ഭയം കൂടി ഇതിനു പിന്നില്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏതാനും വ്യക്തികള്‍ ചെയ്ത ചില തെറ്റുകള്‍ മൂലം കേരളത്തിന്റെ നിയമവ്യവസ്ഥിതി തന്നെ കളങ്കപ്പെടുകയാണ്. ഇത്തരം കളങ്കം ഏല്‍പ്പിക്കുന്നവരാണോ നീതിന്യായവ്യവസ്ഥയുടെ തലതൊട്ടപ്പന്മാര്‍ / അമ്മമാര്‍? നീതിന്യായ വ്യവസ്ഥപോലും ഇവര്‍ക്കുവേണ്ടി മാറ്റി എഴുതപ്പെടുകയാണോ? ഈ ഒരു നിലപാടിലൂടെ ജനങ്ങളുടെ മനസ്സില്‍ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസക്കുറവ് ഏറുകയാണ്.

നിയമവ്യവസ്ഥയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അത് മാറ്റിയേ തീരൂ. പുഴുക്കളേയും. പരീക്ഷിത്തിനെ വധിക്കാന്‍ തക്ഷകന്‍ രൂപമെടുത്തതും ഒരു പുഴുവിന്റെ രൂപത്തിലായിരുന്നു എന്ന് പുരാണ കഥകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.വമ്പന്‍ സ്രാവുകളെല്ലാം നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് തുടിച്ചു തിമര്‍ക്കുമ്പോള്‍ ഇത് ഭരണകൂടത്തോട് കൂടിയുള്ള വെല്ലുവിളിയാണെന്ന് ഒന്നോര്‍ക്കുന്നത് നല്ലതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button