KeralaNews

പ്രേം നസീറിന് ജന്മനാട്ടില്‍ സ്മാരകമില്ലാത്തതിന് കാരണമിതാണ്,വിശദീകരണവുമായി എകെ ബാലന്‍

തിരുവനന്തപുരം: നടന്‍ പ്രേംനസീറിന് ജന്മനാട്ടില്‍ സ്മാരകം നിര്‍മ്മിക്കുമെന്നുളള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. പ്രേംനസീറിന് സ്വന്തം നാട്ടില്‍ സ്മാരകം നിര്‍മ്മിക്കണം എന്നുളളത് ഏറെക്കാലമായുളള ആവശ്യമാണ്.

ഇത് സംബന്ധിച്ചുളള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. ചിറയിന്‍കീഴില്‍ അദ്ദേഹത്തിന്റെ കുടുംബ സ്ഥലത്ത് സ്മാരകം നിര്‍മിക്കാന്‍ സ്വത്ത് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞില്ലെന്ന് എകെ ബാലന്‍ വ്യക്തമാക്കുന്നു.

എകെ ബാലന്റെ പ്രതികരണം: ‘ മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേംനസീറിന് ജന്മനാട്ടില്‍ സ്മാരകം നിര്‍മിച്ചില്ല എന്ന മട്ടില്‍ ചില ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പരാമര്‍ശങ്ങള്‍ കണ്ടു. 24 ന്യൂസ് ചാനലില്‍ ശ്രീ. ശ്രീകണ്ഠന്‍ നായര്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തി. അദ്ദേഹത്തോട് വസ്തുതകള്‍ വിശിദീകരിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്. പ്രേംനസീറിന്റെ സ്മാരകം ഉണ്ടാക്കുന്ന കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ഒന്നാം പിണറായി സര്‍ക്കാരില്‍ ഞാന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ആയിരിക്കെ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ, മണ്മറഞ്ഞുപോയവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും നിരവധി സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

അനശ്വര നടനായ സത്യന് സ്മാരകം ഉണ്ടാക്കുമെന്ന് 2017 ല്‍ അദ്ദേഹത്തിന്റെ 46-ാം ചരമദിനത്തിലാണ് പ്രഖ്യാപിച്ചത്. 2019 ല്‍ സ്മാരകം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. അതാണ് കേരള ചലച്ചിത്ര അക്കാദമിയില്‍ യാഥാര്‍ഥ്യമാക്കിയ ചലച്ചിത്ര പഠന-ഗവേഷണ കേന്ദ്രവും ആര്‍കൈവ്സും. കര്‍ണാടക സംഗീതത്തിലെ അതികായനായിരുന്ന എം ഡി രാമനാഥന് അദ്ദേഹത്തിന്റെ ജന്മദേശമായ കണ്ണമ്പ്രയില്‍ ഒരു കോടി രൂപ ചെലവില്‍ സ്മാരകം നിര്‍മിച്ചു. പ്രശസ്ത കഥാപ്രസംഗ കലാകാരനായിരുന്നു വി. സാംബശിവന് അദ്ദേഹത്തിന്റെ ജന്മനാടായ ചവറ തെക്കുംഭാഗത്ത് സ്മാരകം നിര്‍മിച്ചു ( ഏപ്രില്‍ 23 സാംബശിവന്റെ ചരമദിനമാണ്). ഒ വി വിജയന്‍, മഹാകവി ഒളപ്പമണ്ണ, മഹാകവി പി കുഞ്ഞിരാമന്‍നായര്‍, കാസര്‍ഗോഡ് ഗോവിന്ദ പൈ തുടങ്ങി നിരവധി സാംസ്‌കാരിക നായകര്‍ക്കുള്ള സ്മാരകം നിര്‍മിക്കാനുള്ള പ്രവര്‍ത്തനം നടത്തി.

ഓരോ ജില്ലയിലും ശരാശരി 50 കോടി രൂപ ചെലവില്‍ നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി ആരംഭിച്ചു. പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ അദ്ദേഹത്തിന്റെ കുടുംബ സ്ഥലത്ത് സ്മാരകം നിര്‍മിക്കാന്‍ സ്വത്ത് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞില്ല. 30 സെന്റ് സ്ഥലത്തുള്ള രണ്ടു നില കെട്ടിടം അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ പേരിലാണുള്ളത്. അവര്‍ സ്ഥലം വിട്ടുതരില്ലെന്നാണ് അറിയിച്ചത്. അതിനാല്‍ അവിടെ സ്മാരകം നിര്‍മിക്കാന്‍ കഴിഞ്ഞില്ല. പ്രേംനസീറിന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ശാര്‍ക്കര ക്ഷേത്രത്തിനടുത്ത് ഗവണ്മെന്റിന്റെ സ്ഥലത്ത് സാംസ്‌കാരികനിലയം സ്ഥാപിക്കാന്‍ അഞ്ചു കോടി രൂപയുടെ പ്രോജക്ടിന് രൂപം നല്‍കി.

ഒരു കോടി രൂപ അന്ന് ചിറയിന്‍കീഴിനെ നിയമസഭയില്‍ പ്രതിനിധീകരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന ശ്രീ. വി. ശശിയുടെ എം എല്‍ എ ഫണ്ടില്‍ നിന്നും 1.30 കോടി രൂപ സാംസ്‌കാരികവകുപ്പും നല്‍കി ഒന്നാം ഘട്ടം നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. 2020 ഒക്ടോബര്‍ 26 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ഞാനാണ് അധ്യക്ഷനായിരുന്നത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയാണ് സ്വാഗതം പറഞ്ഞത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രേംനസീര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയും അവരോട് വലിയ അടുപ്പം പുലര്‍ത്തുകയും ചെയ്ത കലാകാരനാണ്. പക്ഷെ മാറിമാറിവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാന്‍ മുന്‍കയ്യെടുത്തില്ല. ഒരു ഘട്ടത്തില്‍ സ്മാരകമുണ്ടാക്കാന്‍ ഫണ്ട് പിരിച്ചു.

ആ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിക്കാതിരുന്നതിന് കാരണം സ്ഥലം ലഭ്യമാകാനുണ്ടായ സാങ്കേതിക പ്രശ്‌നമാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രേംനസീറിന്റെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിര്‍മാണം പുരോഗമിക്കുകയുമാണ്. ഇതൊന്നും കാണാതെയാണ് ചിലര്‍, പ്രേംനസീറിന് ഒരു സ്മാരകവുമില്ല എന്ന പ്രചാരണം നടത്തുന്നത്. തെറ്റായ വാര്‍ത്ത നല്‍കിയ വാര്‍ത്താ ചാനല്‍ അത് തിരുത്തിയെന്നാണ് മനസ്സിലാക്കുന്നത്.

പ്രേംനസീറിന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ അദ്ദേഹം സ്വതന്ത്രമായ നിലപാടില്‍ നിന്ന് മാറി സ്വീകരിച്ച നിലപാട് പൂര്‍ണമായും കോണ്‍ഗ്രസിന് അനുകൂലവും ഇടതുപക്ഷത്തിന് എതിരുമായിരുന്നു. എന്നിട്ടും പ്രേംനസീര്‍ മരിച്ച ശേഷം അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ഒന്നും ചെയ്തില്ല. എന്നാല്‍ പ്രേംനസീര്‍ ശക്തമായി എതിര്‍ത്തിരുന്ന ഇടതുപക്ഷത്തിന്റെ സര്‍ക്കാരാണ് അദ്ദേഹത്തിന് സ്മാരകം നിര്‍മിക്കാന്‍ തുടങ്ങിയത്. വിമര്‍ശിക്കുന്നവര്‍ ഈ വസ്തുതകള്‍ മനസ്സിലാക്കുന്നത് നന്ന്’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker