KeralaNews

‘വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുത്’; ഡിവൈഎഫ്‌ഐയ്ക്ക് മുന്നറിയിപ്പ് നല്‍കി അര്‍ജുന്‍ ആയങ്കി

കണ്ണൂർ: ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജ്ജുൻ ആയങ്കി. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരും. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകുമെന്നും അർജുൻ പറയുന്നു.

‘അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ല’ എന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി പറയുന്നു. അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതാണ് ഈ ഭീഷണിക്ക് കാരണം.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ മനു തോമസിന് എതിരെ അപകീർത്തികരമായ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. സ്വർണ്ണ കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയാണ്. ഈ സംഘങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നടത്തിയതാണ് വിരോധത്തിന് കാരണം. ഇവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ കണ്ണൂർ എസിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ചില നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയര്‍ന്നിരുന്നു. മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമർശനം ഉയർന്നിരുന്നു. ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തകാര്യം പ്രവർത്തന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സ്വർണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന തരത്തിൽ ജില്ലയിൽ ഒട്ടേറെ സംഭവങ്ങളുണ്ടായെന്ന് റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നത്. 

സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നായിരുന്നു പാർട്ടി മുഖപത്രത്തിൽ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എഡിറ്റ് പേജിൽ എഴുതിയ ലേഖനത്തിലെ രൂക്ഷ വിമർശനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker