KeralaNews

‘ഉയരത്തിൽ തീപടർന്നു, ഇത്രയും വലിയ ശബ്ദം വേറെ കേട്ടിട്ടില്ല’കളമശേരി സ്‌ഫോടനത്തില്‍ ഞെട്ടൽ മാറാതെ ദൃക്‌സാക്ഷി

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനസ്ഥലത്ത് കടുത്ത തീയും പുകയും അനുഭവപ്പെട്ടതായും വളരെ ഉയരത്തില്‍ തീപടര്‍ന്നതായും ദൃക്‌സാക്ഷി കൊച്ചുദേവസ്യ. മൂന്നുതവണ സ്‌ഫോടനശബ്ദം കേട്ടു. ഹാളിന്റെ മധ്യഭാഗത്ത് വഴിയിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ കൊച്ചുദേവസ്യയുടെ ബന്ധുക്കളായ കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.

”അഗാധമായ പുകയായിരുന്നു. പിന്നെ ഒന്നും അറിയാന്‍പാടില്ല. ആള്‍ക്കാരെല്ലാം വേഗം പുറത്തുകടന്നു. മധ്യഭാഗത്ത് ഭയങ്കര തീയും പുകയുമാണ് ഉണ്ടായത്. മൂന്നുതവണ സ്‌ഫോടന ശബ്ദം
കേട്ടു. എല്ലാവരും ആ സമയത്ത് കണ്ണടച്ചുനില്‍ക്കുകയായിരുന്നു. ഉയരത്തില്‍ തീപടര്‍ന്നുപിടിച്ചു. എല്ലാവരും വേഗം പുറത്തിറങ്ങി. കസേരയെല്ലാം നീക്കി തിക്കിതിരക്കിയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ചയായതിനാല്‍ കുറേ ആളുകളുണ്ടായിരുന്നു.

കുട്ടികളും പ്രായമായവരും കുറേയുണ്ട്. ഞാന്‍ മക്കളോടൊപ്പം ഒരുമിച്ചായിരുന്നു ഇരുന്നത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ തീപടര്‍ന്നു. ഭയങ്കര ശബ്ദമായിരുന്നു. പെരുന്നാളിന് കതിന പൊട്ടിക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ വലിയ ശബ്ദമാണ്. ഇത്രയുംവലിയ ശബ്ദം ലോകത്ത് വേറെ ഞാന്‍ കേട്ടിട്ടില്ല. ഇതിലും കൂടുതല്‍ ഇനി പേടിക്കാനില്ല”- അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്.

മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്.

ഹാളിൻ്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് കണ്‍വെൻഷൻ സെൻ്ററിലെത്തിയിട്ടുള്ളത്.

നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അതേസമയം, സെൻ്ററിൻ്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്. മാധ്യമപ്രവർത്തകർക്കുൾപ്പെടെ അകത്തേക്ക് പ്രവേശനമില്ല. 

അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, എറണാംകുളം ജില്ലയിലെ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker