ദില്ലി: അഭ്യൂഹങ്ങൾക്ക് അവസാനമിട്ടു കൊണ്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാലരയ്ക്ക് വിജ്ഞാൻ ഭവനിൽ വച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ മാധ്യമങ്ങളെ കാണുന്നുണ്ട്. ഈ വാര്‍ത്താ സമ്മേളനത്തിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇക്കുറിയും ആ നിലയിൽ കാര്യങ്ങൾ നടക്കാനാണ് സാധ്യത. അങ്ങനയെങ്കിൽ മാര്‍ച്ച് അവസാനത്തോടെ അവിടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നേക്കും. തെരഞ്ഞെടുപ്പ വൈകിയേക്കും എന്ന അഭ്യൂഹം തള്ളിക്കൊണ്ട് കേരളത്തിലും പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പ് വരും.
2019-ലെ ലോക്ശഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞാണ് കേരളത്തിൽ വോട്ടെണ്ണി ഫലം അറിഞ്ഞത്. കേരളത്തിൽ സാധാരണം ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുക. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ഇതിൽ മാറ്റമുണ്ടാകുമോ എന്നറിയില്ല. കേരളത്തിലും പുതുച്ചേരിയിലും തമിഴ്നാട്ടിലും വളരെ പെട്ടെന്ന് വോട്ടെടുപ്പ് നടന്നാലും ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്ന ബംഗാളിൽ തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായിട്ടാവും നടക്കുക. വോട്ടെണ്ണലിന് ഇത്രയും സമയം എടുക്കുന്നത് ഇത്തരം കാരണങ്ങൾ കൊണ്ടാണ്.
വിഷുവിന് മുൻപ് അതായത് എപ്രിൽ 14-ന് മുൻപായി വോട്ടെടുപ്പ് നടത്തണം എന്നാണ് എൽഡിഎഫും യുഡിഎഫും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എന്നാൽ കേരളത്തിൽ മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപി ഇലക്ഷനെ കമ്മീഷനെ അറിയിച്ചത്. 2016-ൽ മെയ് 16-ന് വോട്ടെടുപ്പ് നടന്ന് മെയ് 19-നാണ് ഫലം അറിഞ്ഞത്.