ശ്രീനിവാസനെ പറ്റിക്കുന്നത് മമ്മൂട്ടിയുടെ പതിവു വിനോദങ്ങളില്‍ ഒന്നുമാത്രം, മുമ്പും ഒരിക്കല്‍ മമ്മൂട്ടി ശ്രീനിവാസനെ പറ്റിച്ചിട്ടുണ്ട്; സംവിധായകന്റെ കുറിപ്പ്
പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഷെബി ചൗഘട്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നു. ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി എന്നാരംഭിക്കുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കഥ പറയുമ്പോള്‍, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് കുറിപ്പ്
കുറിപ്പ് വായിക്കാം
ശ്രീനിവാസനെ പറ്റിച്ച മമ്മൂട്ടി..
മമ്മൂട്ടി- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പ്രേക്ഷക ശ്രദ്ധ നേടിയ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ വിജയം കൈവരിച്ച സിനിമയാണ് കഥ പറയുമ്‌ബോള്‍. ബാര്‍ബര്‍ ബാലന്റെയും സൂപ്പര്‍സ്റ്റാര്‍ അശോക് രാജിന്റെയും സൗഹൃദം പ്രേക്ഷകര്‍ ഏറ്റെടുത്തു. ദാരിദ്ര്യത്തില്‍ കഴിയുന്ന ബാലനെ അശോക് രാജ് രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷയോടെയാണ് പ്രേക്ഷകന്‍ തീയേറ്റര്‍ വിട്ടത്.
എന്നാല്‍ സംഭവിച്ചതോ, സിനിമയിലെ തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള തത്രപ്പാടിനിടയില്‍ അശോക് രാജ് ബാലനെ മറന്നു. അശോക് രാജ് ഇന്നു വരും നാളെ വരും എന്ന പ്രതീക്ഷയില്‍ ബാലന്‍ കാത്തിരുന്നുവെങ്കിലും ഒരു കാര്യവുമുണ്ടായില്ല. മേലുകാവ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ബിന്ദു ടീച്ചര്‍ സ്ഥലം മാറ്റം കിട്ടി മലപ്പുറത്തെ ഒരു സ്‌കൂളില്‍ ചെന്നപ്പോള്‍ അവിടെയും അശോക് രാജ് സ്‌കൂളിന്റെ ആനിവേഴ്‌സറി ഉദ്ഘാടനത്തിന് ചെന്നിരുന്നുവത്രേ.
അവിടെ വെച്ച് മദ്രാസില്‍ സിനിമ പഠിക്കുന്ന സമയത്ത് തന്നെ സഹായിച്ച മലപ്പുറത്തുകാരന്‍ ഷാജഹാന്‍ എന്ന സുഹൃത്തിനെ കുറിച്ച് പ്രസംഗിച്ചുവത്രേ. അങ്ങനെ ഷാജഹാനെ ചെന്നു കണ്ട ശേഷം, താന്‍ ഇനിയും വരുമെന്ന് ഷാജഹാനോട് പറഞ്ഞിട്ടാണത്രേ പോയത്.
ഏതായാലും ആദ്യമാദ്യം നാട്ടുകാരുടെ സ്‌നേഹവും ബഹുമാനവുമൊക്കെ കിട്ടിയിരുന്നത് പിന്നീട് പരിഹാസമായി മാറിയെങ്കിലും മേലുകാവ് ജംഗ്ഷനിലെ ആ തല്ലിപ്പൊളി കടയില്‍ ബാര്‍ബര്‍ ബാലന്‍ തന്റെ പരാധീനതകളുമായി കാത്തിരിക്കുന്നു.
ഇതിനു മുമ്ബും ഒരിക്കല്‍ മമ്മൂട്ടി ശ്രീനിവാസനെ പറ്റിച്ചിട്ടുണ്ട്. അഴകിയ രാവണന്‍ എന്ന സിനിമയുടെ അവസാനം മുംബൈയിലേക്ക് തിരികെ പോകുന്ന ശങ്കര്‍ ദാസ് എന്ന കുട്ടിശങ്കരന്‍ തന്റെ ബാല്യകാല സുഹൃത്ത് അംബുജാക്ഷന് ഒരു ബാഗ് നല്‍കുന്നുണ്ട്.
കാര്യസ്ഥന്‍ വര്‍ഗീസ് എപ്പോഴും തോളിലിട്ട് നടക്കുന്ന എപ്പോഴും പണമുള്ള ബാഗ്. സിനിമ ഒരു വിദൂര സ്വപ്നമായ സ്ഥിതിക്ക് തയ്യല്‍ക്കട ഒന്ന് ഉഷാറാക്കാമെന്നു കരുതി ബാഗ് തുറന്ന അംബുജാക്ഷന് കിട്ടിയത് ഏതാനും ചില്ലറത്തുട്ടുകള്‍ മാത്രം. അതു കൊണ്ടാണല്ലോ അംബുജാക്ഷന്‍ വീണ്ടും തിരക്കഥയെഴുതിയതും ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാക്കാനായി ഒരിക്കല്‍ കൂടെ വന്നതും.
ശ്രീനിവാസനെ പറ്റിക്കുന്നത് മമ്മൂട്ടിയുടെ പതിവു വിനോദങ്ങളില്‍ ഒന്നു മാത്രമാണെന്ന് ഈ രണ്ട് സംഭവങ്ങളിലൂടെ ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ സൂപ്പര്‍ സ്റ്റാറിന്റെയും വേദനിക്കുന്ന കോടീശ്വരന്റെയും സഹായമില്ലാതെ ബാര്‍ബര്‍ ജോലി ചെയ്തും നോവലെഴുതിയും ജീവിതത്തോട് മല്ലിടുന്ന ബാലനും അംബുജാക്ഷനുമാണ് എന്റെ ഹീറോസ്..