മക്കളുടെ നിർബന്ധപ്രകാരം തീരുമാനമെടുത്തു; ബുദ്ധിമുട്ടിക്കാതെ ജീവിച്ച് പോകണമെന്ന് ആഗ്രഹമുണ്ട്; മല്ലിക സുകുമാരൻ
കൊച്ചി:മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരൻ. അഭിനയ രംഗത്ത് ഇന്നും സജീവ സാന്നിധ്യമായി തുടരുന്ന മല്ലിക തന്റെ കുടുംബ വിശേഷങ്ങളെല്ലാം അഭിമുഖങ്ങളിൽ പങ്കുവെക്കാറുണ്ട്. മക്കളായ പൃഥിരാജനെയും ഇന്ദജ്രിത്തിനെക്കുറിച്ചും മല്ലിക സുകുമാരൻ വാചാലയാകാറുണ്ട്. എല്ലാ അഭിമുഖങ്ങളിലും മല്ലിക സുകുമാരൻ മറക്കാതെ പരാമർശിക്കുന്ന വ്യക്തി അന്തരിച്ച ഭർത്താവ് നടൻ സുകുമാരനാണ്. സുകുമാരൻ തന്റെ ജീവിതം മാറ്റി മറിച്ചതിനെക്കുറിച്ച് മല്ലിക സുകുമാരൻ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മക്കളെ ഇടയ്ക്കിടെ കാണാൻ പറ്റാത്തതിനെക്കുറിച്ചും പലപ്പോഴും മല്ലിക സുകുമാരൻ പരിഭവം പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് മല്ലിക സുകുമാരൻ താമസിക്കുന്നത്. പൃഥിരാജും ഇന്ദ്രജിത്തും ഭാര്യമാർക്കൊപ്പം കൊച്ചിയിലും. ഇടയ്ക്ക് മക്കളെ കൊച്ചിയിലേക്ക് പോയി മല്ലിക സുകുമാരൻ കാണാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മല്ലിക സുകുമാരൻ.
എനിക്ക് ഈശ്വരൻ തന്നത് ഞാൻ സ്വപ്നം കണ്ടതിലും കൂടുതലാണ്. എനിക്കിനി സാമ്പത്തികമായിട്ടോ ഡെപ്പോസിറ്റുകളായിട്ടോ ഒന്നും ഭഗവാൻ തരേണ്ട. എന്റെ മക്കൾക്ക് നല്ല ജോലിയാണ്. അവരുടെ കുടുംബത്തിന് വേണ്ടി അവർ കഷ്ടപ്പെടുന്നു. ഈശ്വരാധീനം കൊണ്ട് രണ്ട് പേർക്കും ജോലിയുണ്ട്. അവർ ജീവിക്കുന്നതിനിടയിൽ കൂടെ എന്തുകാര്യമുണ്ടെങ്കിലും ആ സെക്കന്റിൽ പറന്നെത്തും.
കഴിയുന്നതും പിള്ളേരെ ബുദ്ധിമുട്ടിക്കാതെ ജീവിച്ച് പോകണമെന്ന് ആഗ്രഹമുണ്ട്. ചേച്ചിയെന്തിനാണ് ഈ വയസിലും അഭിനയിക്കുന്നതെന്ന് എല്ലാവരും ചോദിക്കും. ഏത് വയസിലെന്ന് ഞാൻ കളിയാക്കി ചോദിക്കും. ആരോഗ്യമുള്ളപ്പോൾ ചെയ്യുക, ചിലപ്പോൾ ഇത്രയും പോലും ആരോഗ്യമില്ലാത്ത അവസ്ഥ വന്നാൽ കിടക്കേണ്ടി വരും. അപ്പോൾ മതി എന്റെ മക്കൾ അടുത്ത് നിന്ന് ബുദ്ധിമുട്ടുന്നത്. ഏതായാലും ഒരു കാര്യം തീരുമാനിച്ചു.
ആദ്യമായി ഞാൻ പറയുകയാണ്. മക്കളുടെ നിർബന്ധപ്രകാരം ഫെബ്രുവരി മാസം മുതൽ കൊച്ചിയിൽ ആയിരിക്കും സ്ഥിര താമസം. എന്റെ കുടുംബത്തെ സ്നേഹിക്കുന്ന പ്രേക്ഷകരോട് വിനയ പൂർവം പറയുകയാണ്. എവിടെയായാലും ഇപ്പോൾ വിളിക്കുന്നത് പോലെ ആളുകൾക്ക് തന്നെ വിളിച്ച് സംസാരിക്കാമെന്നും മല്ലിക സുകുമാരൻ
സുകുമാരന് തന്നോടുള്ള സ്നേഹത്തിന് പ്രതീകമായാണ് രണ്ട് മക്കളും വളർന്ന് വന്നതെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. എന്നും നന്ദി പറയുന്നത് ഇങ്ങനെ രണ്ട് മക്കളെ തന്നതിലാണ്. എന്റെ വിഷമം അതിന്റെ ഇരട്ടി വിഷമമായി അവരെടുക്കും. ഒരുപക്ഷെ എന്റെ ഭാഗ്യമെന്ന് പറയുന്നത് അതായിരിക്കാം. അല്ലാതെ എനിക്ക് ഒരുപാട് കാശുണ്ടാക്കി ബാങ്കിലിടണമെന്നല്ല.
പാരമ്പര്യമായി അച്ഛനടക്കമുള്ളവർ അവിടെയും ഇവിടെയും തന്നതുണ്ട്. അത് കഴിഞ്ഞ് പിന്നെ ഈ വീടും അതുമിതുമാെക്കെ ഉണ്ടാക്കിയതും സുകുമാരനെന്ന വ്യക്തിയാണ്. മദ്രാസിലും ഊട്ടിയിലും പീരുമേടും തിരുവനന്തപുരത്തും വീടുണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നല്ല, അത് കൊടുത്ത് മാറ്റിയും മറിച്ചുമൊക്കെ വാങ്ങിയെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.