KeralaNews

‘മഹാനെത്തേടി അടുത്ത വർഷം ഭാരതരത്നം മലപ്പുറത്തെത്തിയാൽ അത്ഭുതമില്ല’; സാദിഖലി തങ്ങൾക്കെതിരെ കെ ടി ജലീൽ

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. അയോധ്യയിലെ രാമക്ഷേത്രവും നിർമിക്കാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന പരാമർശത്തിനാണ് വിമർശനം. ഭാരതരത്നം മലപ്പുറത്തെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പള്ളി നിലംപരിശാക്കി തൽസ്ഥാനത്ത് പണിത രാമക്ഷേത്രവും ഇനി പണിയാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ ‘മഹാനെ’ത്തേടി അടുത്ത വർഷം ഈ “മഹോന്നത പദവി” മലപ്പുറത്തെത്തിയാൽ അൽഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം കുറിച്ചു. രാമക്ഷേത്രം കൊണ്ട് പ്രശ്നങ്ങൾ തീരുമോയെന്നും കെടി ജലീൽ സാദിഖലി ശിഹാബ് തങ്ങളോട് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്

“ഭാരതരത്നം” മലപ്പുറത്ത് എത്തുമോ?

ബാബരി മസ്ജിദ് തകർക്കുന്നതിന് നേതൃത്വം നൽകിയ എൽ.കെ അദ്വാനിക്കാണ് ഇത്തവണ ഭാരതരത്നം. പള്ളി നിലംപരിശാക്കി തൽസ്ഥാനത്ത് പണിത രാമക്ഷേത്രവും ഇനി പണിയാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ ‘മഹാനെ’ത്തേടി അടുത്ത വർഷം ഈ “മഹോന്നത പദവി” മലപ്പുറത്തെത്തിയാൽ അൽഭുതപ്പെടേണ്ടതില്ല.

പ്രിയപ്പെട്ട സയ്യിദുൽ ഉമ്മ,

ബാബരിമസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമക്ഷേത്രം പണിതതെന്ന കാര്യം ചരിത്ര സത്യമാണ്. മനുഷ്യവംശം നിലനിൽക്കുന്നെടത്തോളം ആ സത്യവും നിലനിൽക്കും. സുന്നി വഖഫ് ബോർഡിന് കീഴിലുള്ള 2.77 ഏക്കർ സ്ഥലം കോടതി വിധിയിലൂടെയാണ് രാമക്ഷേത്ര ട്രസ്റ്റ് സ്വന്തമാക്കിയത്. ആ വിധിന്യായം ന്യായമാണെന്നു വന്നാൽ തെറ്റുകാരാവുന്നത് നൂറ്റാണ്ടുകളായി ബാബരി മസ്ജിദിൽ ആരാധന നിർവ്വഹിച്ച ലക്ഷക്കണക്കിന് വരുന്ന പാവം മനുഷ്യരാകും. ബാബർ, ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ് പള്ളിയെന്ന ചരിത്ര വിരുദ്ധത സത്യമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കും.

രാമക്ഷേത്രം കൊണ്ട് പ്രശ്നങ്ങൾ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിക്കഴിഞ്ഞു. ഹൈദരാബാദിലെ ചാർമിനാറിനോട് ചേർന്ന് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ശ്രീകോവിലിൽ പൂജ ആരംഭിച്ചത് അങ്ങറിഞ്ഞില്ലേ? മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവർഗീയവാദികൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ലോകാൽഭുതങ്ങളിൽ ഒന്നായ താജ്മഹൽ തകർക്കാൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ബി.ജെ.പിയുടെ എം.പിയാണ്. അതിലേക്ക് തൻ്റെ വക സംഭാവനയും അദ്ദേഹം വാഗ്ദാനം ചെയ്തു. താജ്മഹലിനോടനുബന്ധിച്ച് നടത്താറുള്ള ഷാജഹാൻ ഉറൂസ് ഇക്കുറി നടക്കുമോ?

“രാമക്ഷേത്ര വിജയഭേരി”യിൽ ആവേശംപൂണ്ട് വഴിപോക്കരെ പിടിച്ചു നിർത്തി ഇടിച്ചും തൊഴിച്ചും “ജയ്ശ്രീറാം” വിളിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ഏർപ്പാട് രാജ്യത്തിൻ്റെ പല ഭാഗത്തും നടക്കുന്നത് സാദിഖലി തങ്ങൾ അറിഞ്ഞില്ലെന്നുണ്ടോ? അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ലഹരിയിൽ ലക്കുകെട്ട് പള്ളികളുടെയും ചർച്ചുകളുടെയും മുകളിൽ കാവിക്കൊടി കെട്ടിയ തെമ്മാടിക്കൂട്ടങ്ങളുടെ ഹീനപ്രവൃത്തി തങ്ങളേ, താങ്കൾ കാണുന്നില്ലേ? മദ്രസ്സകളിൽ രാമായണം പാഠ്യവിഷയമാക്കിയത് അങ്ങ് അറിഞ്ഞില്ലേ? വ്രണിത ഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നതിന് പകരം അവരുടെ ഹൃദയങ്ങൾക്കേറ്റ മുറിവുകളിൽ എന്തിനാണ് മുളക് പുരട്ടുന്നത്?

ലോകത്തെവിടെയെങ്കിലും വഴിനടന്നു പോകുന്ന ഇതര മതസ്ഥരെ തടഞ്ഞു നിർത്തി കത്തി കാട്ടി “അല്ലാഹു അക്ബർ” വിളിപ്പിക്കുന്നുണ്ടോ? “കുരിശ്” വരപ്പിക്കുന്നുണ്ടോ? മറ്റുള്ളവരുടെ ആരാധനാലയം തകർത്ത് സ്വന്തം ആരാധനാലയം പണിയുന്നുണ്ടോ? ഏതെങ്കിലും മൃഗത്തിൻ്റെ പേരിൽ ആളെക്കൊല്ലുന്നുണ്ടോ? ഇതര മതസ്ഥരുടെ ആരാധനാലയങ്ങൾക്കു മുകളിൽ പച്ചപ്പതാകയോ വെള്ളപ്പതാകയോ പറപ്പിക്കുന്നുണ്ടോ?

പൗരത്വനിയമം നടപ്പിലാക്കാൻ കേന്ദ്രം കച്ചകെട്ടിയിറങ്ങുന്നതോടെ ഉത്തരേന്ത്യ മറ്റൊരു ഫലസ്തീനാകുമോ എന്ന ആശങ്ക വർധിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയിൽ താമസിക്കുന്നവരെ വിദേശികളെന്ന് മുദ്രകുത്തി ആട്ടിയോടിക്കാൻ പുറപ്പെട്ടാൽ എന്താകും സ്ഥിതി? പൗരത്വ നിയമത്തിൻ്റെ മറവിൽ ഗസ്സയേക്കാൾ വലിയ വംശഹത്യക്കാണോ സംഘ്പരിവാർ കോപ്പുകൂട്ടുന്നത്?

മാനവികത മാത്രമേ ആത്യന്തികമായി ലോകത്തെവിടെയും വിജയിക്കൂ. കാലം സാക്ഷി!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker