29.1 C
Kottayam
Friday, May 3, 2024

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കോളേജ് അദ്ധ്യാപകന് കോടതി കഠിന തടവും പിഴയും വിധിച്ചു

Must read

മൂന്നാര്‍: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കോളേജ് അദ്ധ്യാപകന് കോടതി ഒരു വര്‍ഷം കഠിന തടവും 5000 രൂപയും പിഴയും വിധിച്ചു. മറയൂര്‍ സ്വദേശി ആനന്ദ് വിശ്വനാഥനെയാണ് ദേവികുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്‌ട്രേറ്റ് എ.ബി. ആനന്ദ് ശിക്ഷിച്ചത്. പാലക്കാട് വിക്ടോറിയ കോളേജിലെ അദ്ധ്യാപകനായ ഇയാള്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വിധി വന്നത്.

2014 ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ അഞ്ചു വരെ അദ്ധ്യാപകന്‍ തങ്ങളെ പീഡിപ്പിച്ചതായി നാല് പി. ജി വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്.
പ്രിന്‍സിപ്പല്‍, വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കായിരുന്നു പരാതി. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൂന്നാര്‍ ഡിവൈ.എസ്.പി.യാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ പീഡിപ്പിച്ചതായി പറയുന്ന ദിവസങ്ങളില്‍ കോളേജില്‍ നടന്ന എം.എ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികള്‍ കോപ്പിയടിച്ചത് പിടികൂടിയതാണ് പരാതിക്കു കാരണമെന്ന് കാട്ടി അദ്ധ്യാപകന്‍ യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കി.

തുടര്‍ന്ന് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ പരാതിക്കാരായ രണ്ടു പേര്‍ കോപ്പിയടിച്ചതായി കണ്ടെത്തുകയും പ്രിന്‍സിപ്പല്‍, ഇന്‍വിജിലേറ്റര്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

മറ്റ് രണ്ട് പേര്‍ കോപ്പിയടിച്ചതായി കണ്ടെത്താനായില്ല. ഈ രണ്ട് പേരുടെ പീഡന പരാതികളില്‍ കുറ്റക്കാരനെന്ന് കണ്ടാണ് അദ്ധ്യാപകനെ ശിക്ഷിച്ചത്.ഈ സംഭവത്തിന് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 16 നാണ് പെണ്‍കുട്ടികള്‍ ഈ അദ്ധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിനും വനിതാ കമ്മിഷനും പരാതി നല്‍കിയത്.

വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരം കേസെടുത്ത് അന്വേഷിച്ച പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 4 കേസുകളില്‍ 2 എണ്ണം ആനന്ദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി തള്ളിക്കളയുകയും മറ്റ് 2 കേസുകളില്‍ ശിക്ഷിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week