32.3 C
Kottayam
Saturday, May 11, 2024

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഓസീസിന് കൂറ്റൻ ലീഡ്,മറുപടിയിൽ ഇന്ത്യ പതറുന്നു

Must read

ലണ്ടൻ: ​ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ നാലാം ദിനവും ഇന്ത്യയെ വെള്ളം കുടിപ്പിച്ച ആസ്ട്രേലിയ സ്വന്തമാക്കിയത് 443 റൺസിന്റെ കൂറ്റൻ ലീഡ്. രണ്ടാം ഇന്നിങ്സിൽ കംഗാരുപ്പട എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. വിക്കറ്റ് കീപ്പർ അലക്സ് കാരിയാണ് (105 പന്തുകളിൽ 66*) ഓസീസ് നിരയിലെ ടോപ് സ്കോറർ. മാർനസ് ലെബുഷെയിനും മിച്ചൽ സ്റ്റാർക്കും 41 റൺസ് വീതമെടുത്തു. സ്റ്റീവൻ സ്മിത്ത് 34-ഉം കാമറൂൺ ഗ്രീൻ 25-ഉം റൺസെടുത്തു.

ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജദേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ശമിയും ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നോട്ടുവെച്ച 444 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് ഇതിനകം മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിക്കഴിഞ്ഞതാണ് കാരണം. ജയിക്കാന്‍ ഇനിയും 330 റണ്‍സ് വേണമെന്നിരിക്കേ അവസാന ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ 110-3 എന്ന നിലയിലാണ്. വിരാട് കോലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് പിന്നാലെ മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റും ടീം ഇന്ത്യക്ക് നാലാം ദിനം നഷ്‌ടമായി. 

സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ വിവാദ ക്യാച്ചിലൂടെയായിരുന്നു ശുഭ്‌മാന്‍ ഗില്‍ പുറത്തായത്. 19 പന്തില്‍ രണ്ട് ഫോര്‍ സഹിതം 18 റണ്‍സാണ് ഗില്ലിന്‍റെ സമ്പാദ്യം. ക്യാച്ച് പൂര്‍ത്തിയാക്കവേ പന്ത് ഗ്രീനിന്‍റെ കയ്യില്‍ നിന്ന് മൈതാനത്ത് മുട്ടിയോ എന്ന സംശയമാണ് വിവാദത്തിന് വഴിവെച്ചത്.

സ്‌പിന്നര്‍ നേഥന്‍ ലിയോണിന് മുന്നില്‍ എല്‍ബിയിലൂടെയായിരുന്നു രോഹിത്തിന്‍റെ മടക്കം. 60 പന്തില്‍ ഹിറ്റ്‌മാന്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 43 റണ്‍സ് പേരിലാക്കി. രോഹിത്തിനൊപ്പം കൂട്ടുകെട്ടിന് ശ്രമിച്ചിരുന്ന ചേതേശ്വര്‍ പൂജാരയും പിന്നാലെ മടങ്ങി. പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സറില്‍ ബാറ്റ് വച്ച പൂജാര വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ചിലൂടെ മടങ്ങുകയായിരുന്നു.

മികച്ച ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസിന് നിലയുറപ്പിക്കും മുൻപെ ഓപണർ ഡേവിഡ് വാർണറെ (1) നഷ്ടമായിരുന്നു. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് പിടിച്ചാണ് താരം പുറത്തായത്. കരുതിക്കളിച്ച ആസ്ട്രേലിയൻ നിരയിൽ ഉസ്മാൻ ഖ്വാജയാണ് പിന്നീട് വീണത്. ഉമേഷ് യാദവിന്റെ പന്തിൽ ഭരത് തന്നെ ക്യാച്ചെടുത്തായിരുന്നു 13 റൺസ് സമ്പാദ്യവുമായി താരത്തിന്റെ മടക്കം. ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി വേട്ടക്കാരായ സ്റ്റീവ് സ്മിത്തിനെയും (34) ട്രാവിസ് ഹെഡിനെയും (18) പുറത്താക്കി രവീന്ദ്ര ജഡേജ ഒസീസിനെ ഞെട്ടിച്ചു.

ലെബുഷെയിനെ ഉമേഷ് യാദവിന്റെ പന്തിൽ പുജാര പിടിച്ച് പുറത്താക്കി. സ്കോർ 167-ൽ നിൽക്കെ കാമറൂൺ ഗ്രീനും ജദേജയുടെ പന്തിൽ ബൗൾഡായി മടങ്ങി. എന്നാൽ, ഉച്ച ഭക്ഷണത്തിന് ശേഷം അലക്സ് കാരി, സ്റ്റാർക് കൂട്ടുകെട്ട് ഓസീസിന്റെ സ്കോർ അതിവേഗമുയർത്തുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 പന്തുകളിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week