ശബരിമലയില്‍ തീവ്രവാദ,മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്, സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ദേശീയ സംസ്ഥാന തലത്തില്‍ അടുത്തിടെ നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീവ്രവാദ,മാവോയിസ്റ്റ് ആക്രമണമുണ്ടായേക്കുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകളും തീവ്രവാദികളും ഭക്തരുടെ വേഷത്തില്‍ ക്ഷേത്രത്തില്‍ എത്തുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാക്റ്റര്‍ വഴി സന്നിധാന പരിസരത്തേക്ക് സ്ഫോടക വസ്തുക്കള്‍ എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതിനാല്‍, ഇത്തരം ട്രാക്റ്ററുകളെല്ലാം കര്‍ശന പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഡോളിയില്‍ വരുന്നവരേയും കാക്കി പാന്റ് ധരിച്ചു വരുന്നവരെയും പരിശോധിക്കാനാണ് തീരുമാനം. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങളും ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കണമെന്നും സുരക്ഷാ ക്യാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും പോലീസിന്റെ സുരക്ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമല വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദര്‍ശനത്തിനായി ഭക്തര്‍ക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു തീവ്രവാദികള്‍ കടന്നു കൂടാന്‍ സാധ്യതകളേറെയാണെന്ന് ഈ വര്‍ഷത്തെ ശബരിമല സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മണ്ഡലപൂജയ്ക്കായി 16ാം തീയതിയാണ് നട തുറക്കുന്നത്. 27നാണ് മണ്ഡല പൂജ. കശ്മീര്‍, അയോധ്യ വിഷയങ്ങള്‍ ഉള്ളതിനാല്‍ പ്രശ്സ്തമായ ഹൈന്ദവ ക്ഷേത്രങ്ങളെ തീവ്രവാദികള്‍ ലക്ഷ്യമിടുമെന്നു നേരത്തേ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു സാധീകരിക്കുന്ന റിപ്പോര്‍ട്ടാണ് കേരള പോലീസസിന്റേത്.