അശ്ലീല വീഡിയോ കാട്ടി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകരും സുഹൃത്തുകളും ചേര്‍ന്ന് പീഡിപ്പിച്ചു

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ സന്ദെഡ് ജില്ലയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. പ്രതികളെ പോലീസ് പിടികൂടി. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയില്‍ ആയവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ അധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.

സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനെന്ന് പറഞ്ഞ് അധ്യാപകരും സുഹൃത്തുക്കളും കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് കുട്ടിയെ ഇവര്‍ അശ്ലീല ചിത്രം കാണിച്ചു. ഭയന്ന് വിറച്ച പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കുട്ടിക്ക് ബോധം പോയപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് ഇവര്‍ കടന്നു കളഞ്ഞു.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും തിരച്ചില്‍ ആരംഭിച്ചിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കി ബോധം തിരികെ കിട്ടിയ കുട്ടി കാര്യം അമ്മയോട് പറഞ്ഞു. അമ്മ പ്രധാനാധ്യാപകന് പരാതി നല്‍കി. എന്നാല്‍ പോലീസിനെ വിവരം അറിയിക്കാന്‍ പ്രധാനാധ്യാപകന്‍ സമ്മതിച്ചില്ല. അമ്മയോട് പോലീസില്‍ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകന്‍ വിട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവം പോലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്യുകയായിരുന്നു. കുട്ടി ഇപ്പോള്‍ ചികില്‍സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News