KeralaNews

കൈവെട്ടുകേസ്‌; അന്വേഷണം പ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരിലേയ്ക്കും

കണ്ണൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന് ഒളിവിൽ കഴിയാൻ കണ്ണൂരിൽ സഹായം ലഭിച്ചിട്ടുണ്ടെന്ന് എൻ ഐ എയുടെ റിമാൻഡ് റിപ്പോർട്ട്. മട്ടന്നൂരിൽ സവാദിന് താമസസൗകര്യവും ജോലിയും തരപ്പെടുത്താൻ എസ് ഡി പി ഐ സഹായിച്ചെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സഹായം നൽകിയവർ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

ഷാജഹാൻ എന്ന പേരിലായിരുന്നു പ്രതി ഒരു വർഷത്തോളമായി മട്ടന്നൂരിനടുത്ത പരിയാരം ബേരത്ത് താമസിക്കുന്നത്. ആശാരിപ്പണി ചെയ്തിരുന്നതായും പ്രദേശവാസികൾ പറയുന്നു. പക്ഷേ ഇത്രയും വലിയ കേസിലെ പ്രതിയായിരുന്നിട്ട് കൂടി എങ്ങനെയാണ് ഒരു വർഷത്തോളം സവാദ് എന്ന ഷാജഹാൻ ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നാണ് സംശയം. പ്രാദേശികമായ സഹായം ലഭിക്കാതെ ജോലിയും വാടക വീടും തരപ്പെടുത്താൻ കഴിയില്ല. പ്രതിക്ക് പ്രാദേശികമായി സംരക്ഷണം ഒരുക്കിയത് ആരാണെന്നാണ് എൻഐഎ പരിശോധിക്കുന്നത്.

റിയാസ് എന്ന വ്യക്തിയുടെ കീഴിലായിരുന്നു ഷാജഹാനും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും മരപ്പണി ചെയ്തിരുന്നത്. റിയാസ് പ്രാദേശികമായ എസ് ഡി പി ഐ പ്രവർത്തകനാണ്. കൂടെ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും ഷാജഹാനെ സംബന്ധിച്ച് കൂടുതൽ ഒന്നും അറിയില്ല. പ്രതിയെ ഇത്ര സുരക്ഷിതമായി ഒളിപ്പിച്ചതിൽ പ്രാദേശികമായ സഹായം ലഭിച്ചിട്ടുണ്ടോ ? ജോലിയും മറ്റ് സഹായങ്ങളും നൽകാൻ ആരൊക്കെ സഹായിച്ചു ? ഏതെങ്കിലും സംഘടനകൾ സംരക്ഷണം ഒരുക്കുന്നതിന് സഹായിച്ചിട്ടുണ്ടോ ? തുടങ്ങിയ ചോദ്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.

അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിനെ കോടതി ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാൻഡ്. കൈവെട്ട് കേസിൽ സവാദിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിരുന്നു. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലുള്ള ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത്രയും നാൾ ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സവാദിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് മൊബൈൽ ഫോണുകളും ഒരു സിം കാർഡും പിടികൂടിയിരുന്നു. ഇയാളെ സംബന്ധിച്ച ചില വ്യക്തിവിവരങ്ങളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിട്ടുണ്ട്. തിരിച്ചറിയൽ പരേഡിന് ശേഷം വൈകാതെ ഇയാളെ കസ്റ്റഡിയിൽ വാങ്ങും. പിഎഫ്ഐ നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വർഷം ഒളിവിൽ കഴിഞ്ഞതെന്നും എൻഐഎ പറഞ്ഞു. മൈഗ്രെയിൻ പ്രശ്നങ്ങൾ ഉണ്ടെന്ന് കോ‌‌ടതിയിൽ ഹാജരാക്കിയപ്പോൾ സവാദ് പറഞ്ഞു. ‌

13 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സവാദിനെ കണ്ണൂർ മട്ടന്നൂര്‍ പരിയാരം ബേരത്ത് വെച്ചാണ് എന്‍ഐഎ സംഘം പിടികൂടിയത്. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തെ എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചത്.

രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നം കോടതി നിര്‍ദേശിച്ചു.

2010 ജൂലായ് നാലിനായിരുന്നു തൊടുപുഴ ന്യൂമാൻസ് കൊളേജിലെ മലയാള വിഭാഗം പ്രൊഫസറായിരുന്ന ടി ജെ ജോസഫിൻ്റെ കൈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നു പ്രൊഫ. ജോസഫിനെ കുടുംബത്തോടൊപ്പം പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ ആക്രമിച്ച് കൈവെട്ടിയെടുത്തത്. അറസ്റ്റിലായ സവാദായിരുന്നു ടി ജെ ജോസഫിൻ്റെ കൈ വെട്ടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker