NewsOtherSports

മഴയത്ത് റോഡ് റേസിങ്; ലോക ചാമ്പ്യൻഷിപ്പിനിടെ തലയടിച്ചുവീണ് സ്വിസ് താരത്തിന് ദാരുണാന്ത്യം

ജനീവ: സൂറിച്ചില്‍ നടന്ന ലോക റോഡ് റേസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് സ്വിസ് വനിതാ താരം മുറിയല്‍ ഫററിന് ദാരുണാന്ത്യം. വനിതാ ജൂനിയര്‍ റോഡ് ആന്‍ഡ് പാരാ സൈക്ലിങ് ലോക ചാമ്പ്യന്‍ഷിപ്പിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. റേസിങ്ങിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ഫററിനെ ഉടന്‍ ഹെലിക്കോപ്ടറില്‍ സൂറിച്ച് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 18 വയസ്സായിരുന്നു.

മുറിയര്‍ ഫററിന്റെ മരണത്തോടെ അന്താരാഷ്ട്ര സൈക്ലിങ് സമൂഹത്തിന് ശോഭനമായ ഭാവിയുള്ള ഒരു താരത്തെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര സൈക്ലിസ്റ്റ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രയാസമേറിയ ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഫററിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പരിക്കേറ്റ ഫറര്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

സൂറിച്ചില്‍ വ്യാഴാഴ്ച നടന്ന റേസിങ്ങിനിടെ കനത്ത മഴയുണ്ടായിരുന്നു. ഈ നനവിലാണ് മത്സരം നടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ടൂര്‍ ഡി സ്വിസ്സിക്കിടെ ജിനോ മാഡര്‍ എന്ന ഇരുപത്താറുകാരനായ സൈക്ലിസ്റ്റും കൊല്ലപ്പെട്ടിരുന്നു. 18 മാസങ്ങള്‍ക്കിടെയാണ് ഈരംഗത്ത് വീണ്ടും ദാരുണാന്ത്യമുണ്ടായിരിക്കുന്നത്. അതേസമയം, ഫററിന്റെ കുടുംബം സമ്മതമറിയിച്ചതു പ്രകാരം റേസിങ് ചാമ്പ്യന്‍ഷിപ്പ് തുടരും. ഈവര്‍ഷത്തെ സ്വിസ് റോഡ് നാഷണല്‍സ് റേസില്‍ ഉള്‍പ്പെടെ രണ്ട് വെള്ളി മെഡലുകള്‍ നേടിയിരുന്നു താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker