ഒരു സ്ത്രീയുടെ വേദന മനസിലാക്കിയാണ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തത്, തെറ്റുണ്ടെങ്കില്‍ തന്നെ അടിച്ചോളു
പാലക്കാട്: താന്‍ വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തെന്ന ഷാജ് കിരണിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ച് സ്വപ്ന സുരേഷ്. അമ്മയാകില്ലെന്ന ഷാജ് കിരണിന്‍റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് താന്‍ പറഞ്ഞത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും ഞാന്‍ അറിയിച്ചത്.
ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. ഒരു സ്ത്രീയുടെ വേദനയാണ് ഞാന്‍ മനസിലാക്കിയത്. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും കുറെ അനുഭവിച്ചേനെ. ഒരുപാട് പള്ളികളിലും അമ്പലത്തിലും അവര് പോയിട്ടുണ്ടാവും. എല്ലാ റിസ്ക്കും എടുത്ത് ഒരു കുഞ്ഞിനെ നല്‍കാമെന്നാണ് ഞാന്‍ പറഞ്ഞത്. അതിലെന്തേലും കുഴപ്പമുണ്ടേല്‍ ആര്‍ക്കുവേണേലും എന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാം. ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും പറഞ്ഞു.
വിജിലൻസ് ആണ് സരിത്തിനെ കൊണ്ടുപോയതെന്നും ഒരുമണിക്കൂറിനകം വിടുമെന്നും ഷാജ് കിരൺ ഫോൺ ചെയ്‌ത ശേഷം അറിയിച്ചു. സരിത്തിനെ വിടുന്നതിനായി ഷാജ് വിജിലൻസ് എഡിജിപിയോടാണ് സംസാരിച്ചതെന്ന് സ്വപ്ന പറഞ്ഞു. തന്റെ സുഹൃത്തായ ഷാജ് കിരണിനെതിരെ തിരിയാൻ താൽപര്യമില്ലായിരുന്നെന്നും എന്നാൽ അത്രയധികം മാനസിക വിഷമങ്ങളും ഭീഷണികളും ഉണ്ടായതുകൊണ്ടാണ് കോൾ റെക്കാഡ് ചെയ്യേണ്ടിവന്നതെന്നും സ്വപ്‌ന അറിയിച്ചു.
സരിത്തിനെ ഒരു മണിക്കൂറിനകം വിടാൻ കഴിഞ്ഞപ്പോൾ തന്റെ ഹോൾഡ് മനസിലായില്ലേയെന്നും മണ്ടിയാണ് സ്വപ്‌നയെന്നും പുറത്തുവിട്ട ശബ്‌ദരേഖയിലുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നതും മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുന്ന നികേഷ് എന്നയാളെക്കുറിച്ചും ഷാജ് പലവട്ടം പറഞ്ഞെന്ന് സ്വപ്‌ന മാദ്ധ്യമങ്ങളോട് അറിയിച്ചു.
ജീവന് ഭീഷണിയുളളതിനാലാണ് സംഭാഷണം പുറത്തുവിട്ടതെന്ന് സ്വപ്‌ന പറഞ്ഞു. ചെറിയ ഭൂമിക്കച്ചവടം നടത്തി മുന്നോട്ട് പോകുന്നയാളല്ലെന്നും പലരുടെയും ബിനാമിയാണെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന അറിയിച്ചു.
മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും ഫണ്ട് അമേരിക്കയിലേക്ക് പോയതായും ബിലീവേഴ്‌സ് ചർച്ച് വഴിയാണ് ഫണ്ട് അമേരിക്കയിൽ പോയതെന്നും ഷാജ് പറഞ്ഞതായി സ്വപ്‌ന അവകാശപ്പെട്ടു. പലരും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നതായി സൂചനയുണ്ട്. നമ്പർ വൺ എന്ന് പറയുന്നത് മുഖ്യമന്ത്രിയാണെന്നും ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ബിനാമിയാണെന്നും സ്വപ്‌ന ആരോപിച്ചു. ഷാജ് കിരണിന് പങ്കാളിത്തമുളള കമ്പനികളുടെ വിവരവും സ്വപ്‌ന പുറത്തുവിട്ടു.