കൊച്ചി:തന്‌റെ മൊഴി എഴുതിയ കടലാസുകളില്‍ നിര്‍ബന്ധിച്ചാണ് ഒപ്പിടുവിച്ചതെന്ന് ആരോപിച്ചു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 പേജുള്ള മൊഴി രണ്ട് തവണയായി ആണ് നല്‍കിയത്. മൊഴിയുടെ പകര്‍പ്പ് തനിക്ക് തരുന്നില്ലെന്നും സ്വപ്ന ആരോപിക്കുന്നു.
മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന് ഹൈക്കോടതിയില്‍ സ്വപ്ന സുരേഷ് അപേക്ഷ സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.നേരത്തെ ഇതേ ആവശ്യവുമായി സ്വപ്ന സുരേഷ് അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സീല്‍ഡ് കവറില്‍ നല്‍കിയ രഹസ്യ രേഖയാണ് മൊഴിയെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.
അതേസമയം കസ്റ്റംസ് ആക്ട് 108 പ്രകാരം പ്രതി നല്‍കിയ മൊഴിയുടെ പകര്‍പ്പ് കിട്ടേണ്ടത് പ്രതിയുടെ അവകാശമാണെന്നാണ് സ്വപ്ന സുരേഷിന്റെ വാദം. കേസ് നടപടികള്‍ക്കായി രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്വപ്ന സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്.