നീറ്റ് പരീക്ഷ വിവാദം; കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. അടുത്ത മാസം 8ന് ഹർജി വീണ്ടും പരിഗണിക്കും.
പരീക്ഷയിലെ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇടതു വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ് പ്രതിഷേധിച്ചത്. എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകളാണ് പ്രതിഷേധം നടത്തിയത്. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം,
സർവകലാശാലകൾക്ക് പ്രവേശന പരീക്ഷകൾ നടത്താനുള്ള സ്വയം ഭരണാധികാരത്തിൽ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുകയായിരുന്നു. ഇതിനിടെ ഭരണാനുകൂല വിദ്യാർഥി സംഘടനയായ എബിവിപി എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. എബിവിപി ഭാരവാഹികൾ എൻടിഎ ഡയറക്ടറെ കണ്ടു നിവേദനം നൽകി. എംഎസ്എഫും ദില്ലിയിൽ പ്രതിഷേധം നടത്തി.
ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്‍ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.