28.3 C
Kottayam
Friday, May 3, 2024

പിഴയായി 30.45 ലക്ഷം കെട്ടിവയ്‌ക്കേണ്ട; മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

Must read

ന്യൂഡൽഹി: കല്ലുവാതുക്കൽ വിഷമദ്യദുരന്ത കേസിൽ ജയിലിൽ കഴിയുന്ന പ്രതി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ശിക്ഷയായി വിധിച്ച 30.45 ലക്ഷം രൂപ പിഴ ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. പിഴത്തുക കെട്ടിവയ്ക്കാതെ മോചിപ്പിക്കില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.

മണിച്ചന്റെ മോചന ഉത്തരവിറങ്ങിയെങ്കിലും 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന തടസ്സമായി നിൽക്കുന്നതു ചൂണ്ടിക്കാട്ടി ഭാര്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പിഴ അടച്ചില്ലെങ്കിൽ 22 വർഷവും 9 മാസവും കൂടി ജയിൽശിക്ഷ അനുഭവിക്കണമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് മണിച്ചനെ പിഴത്തുക കെട്ടിവയ്ക്കാതെ തന്നെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

കഴിഞ്ഞ മെയ്‌ മാസത്തിൽ മണിച്ചനെ മോചിപ്പിക്കാൻ ഗവർണർ അനുമതി നൽകിയിരുന്നതാണെങ്കിലും ഇതുവരെ നടപ്പായില്ല. പിഴയടയ്ക്കാതെ മണിച്ചനെ വിടില്ലെന്ന സർക്കാർ നിലപാടിനെതിരേ സുപ്രീംകോടതിയിൽ ഭാര്യ ഉഷ നൽകിയ ഹർജി പരിഗണിക്കവേ, ഗവർണ്ണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെക്കണമെന്ന നിബന്ധന അതിശയകരമാണെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിന് അനുസരിച്ചുള്ള അന്തിമ വിധിയാണ് വന്നത്.

മണിച്ചന്റെ രണ്ട് സഹോദരന്മാരായ വിനോദിനെയും മണികണ്ഠനെയും ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ജയിൽ മോചിപ്പിച്ചപ്പോൾ പിഴത്തുക സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. മണിച്ചൻ ഇതുവരെ 22വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞു. മണിച്ചന് ഒക്ടോബറിൽ 66 വയസായി. 2000 ഒക്ടോബർ 21ലുണ്ടായ കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേരാണ് മരിച്ചത്. നിരവധി പേർക്ക് കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ടിരുന്നു.

ചിറയിൻകീഴ് എക്സൈസ് റേഞ്ചിൽ കള്ളുഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നുള്ള മദ്യമാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. മണിച്ചനെ ശിക്ഷിച്ച ഉത്തരവിൽ പിഴത്തുകയായ 30.45ലക്ഷം രൂപ മദ്യദുരന്തത്തിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. നേരത്തേ മണിച്ചന്റെ സഹേദരന്മാരെ മോചിപ്പിക്കുന്നതിനും കൂടുതൽ സമയം വേണമെന്നും പിഴത്തുക അടയ്ക്കണമെന്നും സർക്കാർ നിലപാടെടുത്തിരുന്നതാണ്. എന്നാൽ ഇരുവരെയും 48 മണിക്കൂറിനുള്ളിൽ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി ഉത്തരവ് നൽകുകയായിരുന്നു. ഇതു തന്നെ മണിച്ചന്റെ കാര്യത്തിലും സംഭവിച്ചു.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയും മണിച്ചന്റെ സഹോദരന്റെ മോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ ഉണ്ടായത്. മണികണ്ഠൻ 20 വർഷവും 10 മാസവും ,വിനോദ് കുമാർ 21 വർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ജയിൽ മോചിതരാക്കണമെന്ന ഇവരുടെ ആവശ്യം പത്തിലേറെ തവണ ജയിൽ ഉപദേശകസമിതികൾ പരിഗണിച്ചെങ്കിലും കുറ്റം ഗൗരവമേറിയതായതിനാൽ കാലാവധി പൂർത്തിയാകാതെ ജയിൽ മോചനം വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.

മദ്യകച്ചവടം നടത്തിയിരുന്ന സമയത്ത് അതിസമ്പന്നനായിരുന്നു മണിച്ചൻ. ചിറയിൻകീഴിൽ വിവിധ ഭാഗങ്ങളിലായി അഞ്ചേക്കറോളം സ്ഥലം. പുളിമൂട് ജംഗ്ഷന് സമീപം എല്ലാ ആഡംബരങ്ങളുമുള്ള വീട്. ഇതെല്ലാം നോക്കി നടത്തേണ്ടിയിരുന്ന ആൾ ഇപ്പോഴും തടവറയിലാണ്. പ്രതാപകാലത്ത് ബെൻസിലായിരുന്നു മണിച്ചന്റെ യാത്ര. മാനേജർക്ക് സഞ്ചരിക്കാൻ പ്യൂഷെ കാർ. മാരുതി ഡീസൽ സെൻ നാലെണ്ണം. സ്പിരിറ്റ് വാഹനത്തിന് എസ്‌കോർട്ട് പോയി എന്ന പേരിലുള്ള കേസിൽ സെയിൽസ് ടാക്‌സ് പിടികൂടിയ ഈ വാഹനങ്ങളൊന്നും പിന്നീട് കാണാൻ കിട്ടിയില്ല. ലേലത്തിൽ പോയ വാഹനങ്ങൾ ഇപ്പോൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും അറിയില്ല.

ഷാപ്പുകളുടെ ആവശ്യത്തിനും മറ്രുമായി പിക്കപ്പ് വാനുകളടക്കം അമ്പതോളം വാഹനങ്ങൾ വെറെയും ഉണ്ടായിരുന്നു. സ്വന്തം ഷാപ്പുകളിലൂടെ സ്പിരിറ്റ് വില്പന നടത്തി നേടിയ സമ്പാദ്യത്തിന് 25 കോടിയാണ് നികുതി കണക്കാക്കിയത്. ഇത് ഈടാക്കാനാണ് വാഹനങ്ങളെല്ലാം കണ്ടു കെട്ടി ലേലം ചെയ്തത്. ചിറയിൻകീഴ് റെയ്ഞ്ചിൽ ഒന്ന് മുതൽ 26 വരെ നമ്പരുകളിലുള്ള കള്ള് ഷാപ്പുകളാണ് മണിച്ചൻ നടത്തിയിരുന്നത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ഷാപ്പുകളുടെ ലൈസൻസ്. കേസിന്റെ കാലത്ത് നാല് കോടിക്കാണ് ഈ ഷാപ്പുകൾ ലേലം കൊണ്ടത്.

ആറു തവണയായി 2.40 കോടി കിസ്ത് അടച്ചു. ബാക്കി നാല് തവണകളിലെ 1.60 കോടി അടവ് മുടക്കിയതിന്റെ പേരിലാണ് അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കൾ അറ്റാച്ച് ചെയ്തത്. ഒരു തുണ്ട് ഭൂമി ഇനി ഉഷയുടെ പേരിലില്ല. കേസിൽ മണിച്ചൻ ശിക്ഷിക്കപ്പെട്ടതോടെ വരുമാനവും നിലച്ചു. വീടിന് സമീപമുള്ള ഗോഡൗണിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ അബ്കാരി കേസിൽ വിചാരണക്കോടതി ഉഷയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, ഗൂഢാലോചന, പ്രേരണാക്കുറ്റം, പരിക്കേൽപ്പിക്കൽ, അബ്കാരി നിയമത്തിലെ വിഷം കലർത്തൽ, വിഷവസ്തു കൈവശം വയ്ക്കൽ, വിൽപ്പന തുടങ്ങി 17 കുറ്റങ്ങൾക്കാണ് ഏഴാം പ്രതിയായ മണിച്ചനെ ശിക്ഷിച്ചത്. ജീവപര്യന്തവും 30.45 ലക്ഷംരൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷിക്കപ്പെട്ട 26 പ്രതികളിൽനിന്നായി 1,17,10,000 രൂപയാണ് പിഴയായി ലഭിക്കേണ്ടത്. ഇതിൽനിന്നും 32 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

മദ്യദുരന്തത്തിൽ മരിച്ചവരിൽ നാലു പ്രതികൾ ഒഴികെയുള്ളവരുടെ ആശ്രിതർക്കും കാഴ്ച നഷ്ടപ്പെട്ട 5 സാക്ഷികൾക്കും പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴയിൽനിന്ന് ഒരു ലക്ഷംരൂപ നൽകാൻ കോടതി വിധിച്ചിരുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കല്ലുവാതുക്കൽ, പള്ളിക്കൽ, പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലായാണ് 2000 ഒക്ടോബർ 21,22, 23 തീയതികളിൽ മദ്യദുരന്തം ഉണ്ടായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week