മദ്യം എങ്ങനെ വില്‍ക്കണമെന്ന് സംസ്ഥാനം തീരുമാനിക്കും; കോടതി അതില്‍ ഇടപെടേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മദ്യം എങ്ങനെ വില്‍ക്കണം എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. മദ്യവില്‍പ്പനയ്ക്കു ചട്ടക്കൂടുണ്ടാക്കുന്നത് കോടതികളുടെ പണിയല്ലെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
മദ്യശാലകള്‍ അടയ്ക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ഓണ്‍ലൈനിലൂടെ ഹോം ഡെലിവറിയായി മാത്രമേ മദ്യം വില്‍ക്കാവൂ എന്ന നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കോര്‍പ്പറേഷന്‍ ഹര്‍ജിയില്‍ വാദിച്ചത്.
മദ്യം എങ്ങനെ വില്‍ക്കണം എന്നതില്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഓണ്‍ലൈനായാണോ കടകളിലൂടെയാണോ മദ്യം വില്‍ക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കോടതി അതില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ നടപടി സര്‍ക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന കോര്‍പ്പറേഷനു വേണ്ടി ഹാജരായ മുകുള്‍ റോത്തകി വാദിച്ചു. മദ്യശാലകള്‍ അടയ്ക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.