കോഴിക്കോട്: താറാവിനെ മോഷ്ടിച്ചു എന്ന് ആരോപിച്ച് സഹോദരങ്ങളായ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറായില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കട്ടിപ്പാറ ചമല്‍വെണ്ടേക്കുംപൊയില്‍ സ്വദേശികളായ 13ഉം 15ഉം വയസുള്ള സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ കൊട്ടാരക്കോത്ത് നീറ്റിക്കല്‍ തോട്ടില്‍ എത്തിയപ്പോള്‍ താറാവിനെ മോഷ്ടിച്ചെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ താറാവിന്റെ ഉടമസ്ഥനായ കൊട്ടാരക്കോത്ത് മുസ്തഫ മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മുസ്തഫ വിദ്യാര്‍ത്ഥികളെ തടഞ്ഞുവെക്കുകയും മാതാവിനെ വിളിച്ചുവരുത്തിയതിന് ശേഷം വിട്ടയക്കുകയുമായിരുന്നു.
ദേഹമാസകലം മര്‍ദ്ദനമേറ്റ കുട്ടികളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് 13കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചിട്ടില്ലെന്നും താറാവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് തടയുക മാത്രമാണ് ചെയ്തതെന്നും മുസ്തഫ പ്രതികരിച്ചു. മോഷണ ശ്രമം തടഞ്ഞതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടത്തിനിടയിലുണ്ടായ വീഴ്ചയിലാണ് പരിക്കേറ്റതെന്നും മുസ്തഫ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ നേരത്തെയും താറാവിനെ മോഷ്ടിച്ചിരുന്നു എന്നും മുസ്തഫ ആരോപിച്ചു.