മുതിര്‍ന്ന സി.പി.ഐ നേതാവ് ഡി. പാണ്ഡ്യന്‍ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ ഡി. പാണ്ഡ്യന്‍ (88) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

1932 ല്‍ മധുര ജില്ലയിലാണ് ഡി. പാണ്ഡ്യന്റെ ജനനം. കാരൈക്കുടിയിലെ അളകപ്പ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന പാണ്ഡ്യന്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. ഇംഗ്ലീഷ് സാഹിത്യം, നിയമം എന്നിവയില്‍ ബിരുദം നേടിയിട്ടുണ്ട്. 1989, 1991 തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ റെയില്‍വേ ലേബര്‍ യൂണിയന്‍ പ്രസിഡന്റ്, സി.പി.ഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപര്‍, തമിഴ്‌നാട് ആര്‍ട്ട് ആന്‍ഡ് ലിറ്ററി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News