KeralaNews

ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാര്‍ ഓട്ടോയുടെ കാറ്റൂരി വിട്ടു, ചില്ല് അടിച്ചു തകര്‍ത്തു; കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതി

കോഴിക്കോട്: ജില്ലയില്‍ സമരക്കാര്‍ ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നുവെന്ന് പരാതി. ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാര്‍ ഓട്ടോയുടെ കാറ്റൂരി വിട്ടുവെന്നും ചില്ല് അടിച്ചു തകര്‍ത്തുവെന്നും ഓട്ടോയില്‍ ഉണ്ടായിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങള്‍ സഹിതമാണ് സമരക്കാരുടെ ക്രൂരത പുറത്ത് വന്നിരിക്കുന്നത്.

സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികള്‍ വാഹനഗതാഗതം തടഞ്ഞു. കടകള്‍ ബലമായി അടപ്പിച്ചു. കെ എസ്ആര്‍ടിസി വളരെ ചുരുക്കം മാത്രമാണ് സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി പ്രസ്താവിച്ചിരുന്നു.
പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധം കാരണം ഇവ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പലയിടത്തും സമരക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കം തടയുകയാണ്.

മിക്കയിടങ്ങളിലും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്.കൊച്ചി ഏലൂര്‍ എഫ്എസിടിയില്‍ ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞു. ബിപിസിഎല്ലിലും ജോലിക്ക് എത്തിയവരെ തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി നിരോധിച്ചിരുന്നു. പാലക്കാട് കിന്‍ഫ്രയില്‍ ജോലിക്ക് എത്തിയവരെ തിരിച്ചയച്ചു. മലപ്പുറം മഞ്ചേരിയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രാവച്ചമ്പലം ജംഗ്ഷനില്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. എടവണ്ണപ്പാറയില്‍ കടകള്‍ പണിമുടക്ക് അനുകൂലികള്‍ ബലമായി അടപ്പിച്ചു. കാസര്‍കോട് ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ അടക്കം തടഞ്ഞിട്ടു.

വാഹനങ്ങളുടെ താക്കോല്‍ സമരാനുകൂലികള്‍ ഊരിയെടുത്തു. പോസ്റ്റ് ഓഫീസ് അടയ്ക്കാനും സമരക്കാര്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ ഹൗസ് ബോട്ട് ജീവനക്കാരെയും സമരത്തിനിറക്കി. ഇതോടെ ടൂറിസ്റ്റുകള്‍ വലഞ്ഞു. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കോടതി ഉത്തരവ് പ്രകാരം കൊച്ചി പള്ളിക്കരയില്‍ കടകള്‍ തുറന്നിട്ടുണ്ട്. അതേസമയം ജീവനക്കാരുമായി പോയ കിറ്റെക്സിന്റെ വാഹനം അമ്പലമുകളില്‍ സമരക്കാര്‍ തടഞ്ഞു.

തൃശൂര്‍ സ്വരാജ് റൗണ്ട്, വയനാട് കമ്പളക്കാട്, കാലടി തുടങ്ങിയ ഇടങ്ങളിലും സമരക്കാര്‍ വഴി തടയുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ മിക്കതും പ്രവര്‍ത്തിക്കുന്നില്ല.തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളിലെത്താന്‍ പൊലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആര്‍സിസിയിലേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.

കേരളത്തിന് പുറത്ത് വന്‍നഗരങ്ങളില്‍ പണിമുടക്ക് സാരമായി ജനജീവിതത്തെ ബാധിച്ചിട്ടില്ല. ബംഗാളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു.ഇടതുപക്ഷം പണിമുടക്കുമായി സക്തമായി രംഗത്തുണ്ടെങ്കിലും, ജീവനക്കാര്‍ എല്ലാവരും നിര്‍ബന്ധമായും ഓഫീസില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടിട്ടുണ്ട്. മുംബൈയില്‍ ഇടതുസംഘടനകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ പണിമുടക്ക് ജനത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് ട്രേഡ് യൂണിയനുകള്‍ രണ്ടുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker