ഇനി കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ് രാത്രിയില്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തില്ല
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്ത് സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ രാത്രി 8 മുതല്‍ രാവിലെ 6 വരെ കെ എസ് ആര്‍ ടി സി ബസ്സുകള്‍ നിര്‍ത്തില്ല. മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കിയെല്ലാ ബസുകളും ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നായിരുന്നു മുന്‍ ഉത്തരവ്. എന്നാല്‍ പുതിയ ഉത്തരവില്‍, സൂപ്പര്‍ ഫാസ്റ്റിന് മുകളിലുള്ള എല്ലാ ദീര്‍ഘദൂര ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചു.
ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍, എസി, സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ഈ നിര്‍ദേശം നടപ്പാക്കുന്നത് ദീര്‍ഘദൂര യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇത് അപ്രായോഗികമാണെന്നുമാണു പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. മറ്റുള്ള ബസുകളില്‍ ഈ മൂന്നു വിഭാഗം യാത്രക്കാരല്ലാത്തവര്‍ക്ക് പുതിയ നിബന്ധന ബാധകവുമല്ല.
അംഗീകൃത സ്റ്റോപ്പുകളില്‍ അല്ലാതെ ഇനി ബസുകള്‍ രാത്രിയോ പകലോ നിര്‍ത്തില്ലെന്നതാണു പുതിയ നിര്‍ദേശം. ബസ് നിര്‍ത്തുന്ന സ്ഥലങ്ങള്‍ ബോര്‍ഡില്‍ എഴുതിവയ്ക്കണമെന്നും കയറുമ്പോള്‍ തന്നെ യാത്രക്കാരെ കണ്ടക്ടര്‍ ബോധ്യപ്പെടുത്തണമെന്നും പുതിയ നിര്‍ദ്ദേശത്തിലുണ്ട്.