‘കൂടത്തായി’ സീരിയലിന്റെ സ്‌റ്റേ തുടരും; ചാനലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സീരിയലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ തുടരും. നിലവിലെ സ്റ്റേ നീക്കണമെന്ന ചാനലിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചതിനെ തുടര്‍ന്നാണിത്.

സ്റ്റേ ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്നും സീരിയലിന്റെ സംപ്രേക്ഷണം തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അനാവശ്യമാണെന്നുമുള്ള ചാനലിന്റെ വാദം കോടതി തള്ളി. ചാനലിന്റെ എതിര്‍ സത്യവാങ്മൂലം പരിശോധിച്ച കോടതി അതിലേയ്ക്ക് കടന്നില്ല. ഹര്‍ജിക്കാരനും കൊലപാതകക്കേസിലെ മുഖ്യസാക്ഷിയുമായ കൂടത്തായി സ്വദേശി മുഹമ്മദിനോടും ഡിജിപിയോടും തര്‍ക്കമുണ്ടെങ്കില്‍ അത് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൂടത്തായി :ദ ഗെയിം ഓഫ് ഡെത്ത്’ എന്ന പേരില്‍ സംപ്രേക്ഷണം തുടങ്ങിയ സീരിയലിന് കഴിഞ്ഞ ജനുവരി 22 നാണ് കോടതി സ്റ്റേ നല്‍കിയത്. കൊലപാതക പരമ്പരയിലെ മൂന്നു കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാകാനുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News