30 C
Kottayam
Thursday, May 2, 2024

റോഡ് വികസനം ദൈവം പൊറുക്കുമെന്ന വിധി; ജഡ്ജി നീതിമാന്‍, അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി

Must read

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തുകൊള്ളുമെന്ന ഹൈക്കോടതി വിധി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു’ എന്ന ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽനിന്നുള്ള ഭാഗങ്ങൾ വിധിന്യായത്തിൽ ഉൾപ്പെടുത്തിയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ അഭിപ്രായം.

1975-ൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി രചിച്ച വരികളാണ് ജഡ്ജി പരാമർശിച്ചത്. ഇപ്പോൾ, വിധിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. ഇത്തരത്തിലൊരു വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജിയാണ് നീതിമാൻ എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോടതികൾ മാത്രമാണ് ഏക ആശ്രയമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

‘ഈശ്വരൻ എന്നു പറയുന്നത് ജയിലിൽ കിടക്കുന്ന ആളല്ല. ഈശ്വരൻ സർവവ്യാപിയാണ്, അത് എല്ലാ മതക്കാരും സമ്മതിക്കുന്നതാണ്. ഈ പ്രപഞ്ചം മുഴുവൻ ഊർജം ആണെന്ന് ഫിസിക്സ് പറയുമ്പോലെ ഈ പ്രപഞ്ചം മുഴുവൻ ബ്രഹ്മമാണ്, ദൈവമാണ്. ദൈവം ഇല്ലാത്ത ഒരു സ്ഥലവുമില്ല. കാരണം സൗന്ദര്യത്തിൽ മാത്രമല്ല ദൈവം. ദേവാലയങ്ങളിൽ എന്ന് പറയുമ്പോൾ, ദേവാലയങ്ങളിൽ മാത്രമാണ് ദൈവം എന്ന് തെറ്റിദ്ധാരണ വരുന്നുണ്ട്. അങ്ങനെ അല്ല. അത്രയും ഉയർന്ന ഒരാശയം കോടതിയിൽ പറഞ്ഞ ആ ജഡ്ജിയെ നമസ്കരിക്കണം. ഇങ്ങനെയുള്ള നീതിപതികൾ വരണം. എവിടെങ്കിലും ഒരു വിഗ്രഹം കൊണ്ടുവെച്ച് ഇത് അമ്പലമാണ്. ഇവിടെ ആരും വരാൻ പാടില്ല. അല്ലെങ്കിൽ ഒരു കുരിശ് കൊണ്ടു നാട്ടിയിട്ട്, ഇത് പള്ളിയാണ്, ഇവിടെ ആരും വരാൻ പാടില്ലെന്നോ പറയുന്ന പ്രവണത വളരെ അപകടകരമാണ്.

ജനങ്ങളുടെ നന്മയാണ് പ്രധാനം. രാഷ്ട്രത്തിനു വേണ്ടി ഒരു പാതയൊരുക്കുമ്പോൾ അതിൽ ദേവാലയങ്ങൾ വന്നാൽ ദേവാലയങ്ങളെ ഒഴിവാക്കണം എന്നു പറഞ്ഞ് അവിടെ വളഞ്ഞുപോകണമെന്ന് പറയുന്നത് ശരിക്കും ഈശ്വരവിശ്വാസമല്ല. അത് സ്വാർഥതയാണ്. ആ വിധിയെ വളരെയധികം അംഗീകരിക്കുന്നു. ഭാരതത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നമുക്ക് ആകെ ആശ്രയം കോടതികളാണ്. നീതിന്യായ കോടതികൾ കൂടി മലിനമായിക്കഴിഞ്ഞാൽ പിന്നെ നമുക്ക് രക്ഷാമാർഗമില്ല’- ശ്രീകുമാരൻ തമ്പി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week