സോണിയ ഗാന്ധി രണ്ടു ഡോസ് വാക്‌സിന്‍ എടുത്തു, രാഹുല്‍ ഇതുവരെ എടുത്തിട്ടില്ല; ബി.ജെ.പിയോട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചോ എന്ന ബി.ജെ.പിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസും എടുത്തു. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും ഒരു ഡോസ് വാക്‌സിനും എടുത്തുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു. അടുത്തിനിടെ കൊവിഡ് മുക്തനായ രാഹുല്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ വാക്‌സിന്‍ കുത്തിവയ്പ് സ്വീകരിക്കുകയുള്ളൂവെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. രാഹുല്‍ ഏപ്രില്‍ 16ന് വാക്സിന്‍ എടുക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ കൊവിഡ് ബാധിച്ചതിനാല്‍ സാധിച്ചില്ലെന്നും സുര്‍ജേവാല വ്യക്തമാക്കി.
വാക്സിനേഷനെപ്പറ്റി നിരന്തരം വിമര്‍ശം ഉന്നയിക്കുന്നതിനിടെയാണ് രാഹുല്‍ വാക്സിന്‍ എടുത്തോയെന്ന ചോദ്യം ബിജെപി ഉയര്‍ത്തിയത്. ബിജെപി നേതാക്കള്‍ പ്രതിപക്ഷത്തെ ചോദ്യം ചെയ്യുന്നതിന് പകരം രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വാക്സിന്‍ കുത്തിവയ്പ് നല്‍കുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.