27.3 C
Kottayam
Monday, May 27, 2024

ബ്ലാക്ക് ഫംഗസ് ബാധ: മൂന്നുകുട്ടികളുടെ ഓരോ കണ്ണുകൾ വീതം നീക്കം ചെയ്തു

Must read

മുംബൈ:ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മുംബൈയിൽ മൂന്നുകുട്ടികളുടെ ഓരോ കണ്ണുകൾ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്നുപേരിൽ നാലുവയസ്സും ആറുവയസ്സുമുള്ള കുട്ടികൾ പ്രമേഹബാധിതരായിരുന്നില്ല. 14-കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെൺകുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. കോവിഡ് മുക്തയായതിനു ശേഷമാണ് ആ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്. വയറിന്റെ ഒരുഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.

ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും വയറിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയ പതിനാറുകാരിക്കും കോവിഡ് രണ്ടാംതരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്. ആശുപത്രിയിലെത്തി 48- മണിക്കൂറിനുള്ളിൽ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ജേസൽ ഷേത്ത് എൻ.ഡി.ടി.വിയോടു പ്രതികരിച്ചു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് തലച്ചോറിൽ എത്തിയിരുന്നില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അവൾക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേർത്തു.

നാലും ആറും വയസ്സുള്ള കുട്ടികളെ കെ.ബി.എച്ച്. ബചുവാലി ഒഫ്താൽമിക് ആൻഡ് ഇ.എൻ.ടി. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവർ രണ്ടുപേരും കോവിഡ് ബാധിതരായിരുന്നു. ബ്ലാക്ക് ഫംഗസ് അവരുടെ കണ്ണുകളിൽ പടർന്നിരുന്നു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കിൽ അവരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. ഒരു കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിലെത്തിയത്- ഡോ. പ്രീതേഷ് ഷെട്ടി പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week