KeralaNews

മറൈൻ ഡ്രൈവിൽ അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ നടക്കുന്നു, നിയന്ത്രണം തത്ക്കാലം ഒരു മാസത്തേക്ക്’

കൊച്ചി: മറൈൻ ഡ്രൈവിലെ രാത്രി നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയതാണെന്നും ആരുടെയും സ്വാതന്ത്ര്യം ഹനിക്കാൻ ഉദ്ദേശിച്ചല്ലെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള. കൊച്ചിയിലെ ഏറ്റവും ആകർഷകമായ സ്ഥലമാണ്‌ മറൈൻ ഡ്രൈവ്. പക്ഷെ അംഗീകരിക്കാനാകാത്ത ചില കാര്യങ്ങൾ അവിടെ നടക്കുന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതെന്നു അദ്ദേഹം വ്യക്തമാക്കി.

തത്ക്കാലം ഒരു മാസത്തേക്കാണ് നിയന്ത്രണം. പ്രദേശം മാലിന്യ മുക്തമാക്കാൻ നടപടി സ്വീകരിക്കും. വെളിച്ചക്കുറവ് പരിഹരിക്കേണ്ടതുണ്ട്. പോലീസ് നിരീക്ഷണം കൂടി സജ്ജീകരിച്ച ശേഷമേ നിയന്ത്രണം നീക്കൂ. ബോട്ടുകളുടെ യാത്രയ്ക്കും കോസ്റ്റ് ഗാർഡുമായി ചേർന്ന് നിരീക്ഷണം ഏർപ്പെടുത്തണം. അനധികൃത കച്ചവടം പൂർണമായും ഒഴിവാക്കും.

ശരിയല്ലാത്ത ചില കച്ചവടങ്ങളും അവിടെ നടക്കുന്നുണ്ട്. അതും തടയേണ്ടതുണ്ട്. എതിർപ്പുകൾ സ്വാഭാവികമാണ്. 25നു ചേരുന്ന അവലോകന യോഗത്തിൽ നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും ചന്ദ്രൻ പിള്ള പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ സുരക്ഷാ ഓഡിറ്റ് നടത്തും. രാജേന്ദ്ര മൈതാനത്ത് പെറ്റ് കോർണർ അനുവദിച്ചെങ്കിലും പരിസരം വൃത്തിഹീനമാക്കാൻ ആരെയും അനുവദിക്കില്ല. പിആൻഡ്ടി കോളനി നിവാസികളുടെ പുനരധിവാസം വൈകില്ലെന്നും ചന്ദ്രൻ പിള്ള കൂട്ടിച്ചേർത്തു.

അതേസമയം മറൈൻ ഡ്രൈവിൽ രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ചുമണിവരെ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അധികൃതർ സദാചാര പോലീസ് ചമയുകയാണെന്ന് ആരോപിച്ച് ഹൈബി ഈഡൻ എംപിയടക്കം രംഗത്തെത്തി.

വിനോദസഞ്ചാര മേഖല കൂടിയായ മറൈൻ ഡ്രൈവ് വോക്‌ വേ രാത്രി കാലങ്ങളിൽ അടച്ചിടേണ്ടി വരുന്നത് പോലീസിൻറെ വീഴ്ചയാണെന്ന് ടിജെ വിനോദ് എംഎൽഎ കുറ്റപ്പെടുത്തി. അധികൃതരുടെ നടപടിക്കെതിരെ നഗരവാസികളും പൊതുജനകൂട്ടായ്മകളും രംഗത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker