KeralaNews

കഴക്കൂട്ടത്ത് ബി.ജെ.പി നേതാക്കള്‍ കാലുവാരി; ആരോപണവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് കഴിഞ്ഞതോടെ ബി.ജെ.പിയിലെ പോര് വീണ്ടും മുറുകുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം.

ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം. മണ്ഡലത്തില്‍ ബൂത്ത് തിരിച്ചുള്ള കണക്കെടുപ്പ് ആരംഭിച്ചു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു.

19744 വോട്ട് ഭൂരിപക്ഷത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ ജയം. ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ് രണ്ടാമത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്.എസ്. ലാല്‍ മൂന്നാം സ്ഥാനത്തായി. ശോഭാ സുരേന്ദ്രന്‍ മത്സരിക്കാനെത്തിയതോടെ ശക്തമായ ത്രികോണ മത്സരമാണ് കഴക്കൂട്ടത്ത് പ്രവചിക്കപ്പെട്ടിരുന്നത്. ശബരിമല മുഖ്യപ്രചാരണവിഷയമാക്കി ശോഭ സുരേന്ദ്രനിലൂടെ മണ്ഡലം പിടിക്കാനുള്ള ബിജെപി ശ്രമം വിലപ്പോയില്ല.

മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും വ്യക്തിബന്ധങ്ങളും കടകംപള്ളിക്കു തുണയായി. വിശ്വാസി സമൂഹത്തെ ലക്ഷ്യമിട്ടു ബിജെപി നടത്തിയ പ്രചാരണങ്ങള്‍ വോട്ടര്‍മാര്‍ തള്ളി. ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.എസ്.ലാലിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനുള്ള യുഡിഎഫ് ശ്രമവും വിജയിച്ചില്ല. പാര്‍ട്ടി വോട്ടുകള്‍ പൂര്‍ണമായി സമാഹരിക്കാന്‍ ലാലിനു കഴിഞ്ഞില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തില്‍ ചുരുങ്ങിയ ദിവസം കൊണ്ട് സജീവമാകാന്‍ ശോഭാ സുരേന്ദ്രനു കഴിഞ്ഞിരുന്നു. ശബരിമല മാത്രമായിരുന്നു ബിജെപിയുടെ പ്രചാരണ ആയുധം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button