ഗ്രാമവാസിയെ കൊലപ്പെടുത്തി; കടുവയെ കല്ലെറിഞ്ഞുകൊന്ന് ജനക്കൂട്ടം

ജയ്പുർ : ജനക്കൂട്ടത്തിന്റെ കല്ലേറിൽ പരിക്കേറ്റ കടുവ ചത്തു. ഇന്ത്യയിലെ തന്നെ പ്രധാന കടുവാ സങ്കേതങ്ങളിൽ ഒന്നായ രാജസ്ഥാനിലെ രന്തംബോർ കടുവസങ്കേതത്തിൽ ആണ് സംഭവം നടന്നത്. ഗ്രാമവാസിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് കടുവയെ ആളുകൾ കല്ലെറിഞ്ഞുകൊന്നത്.

രന്തംബോർ കടുവസങ്കേതത്തിലെ 12 വയസുള്ള ടി 86 എന്ന കടുവയാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ഉലിയാന ഗ്രാമത്തിൽ കടുവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കടുവയുടെ മുഖത്തടക്കം കല്ലേറു കൊണ്ടുള്ള മുറിവുകളുണ്ട്.

കൊല്ലപ്പെട്ട കടുവയുടെ ശരീരത്തിൽ ആഴ്ചകൾ പഴക്കമുള്ള മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് മറ്റൊരു കടുവയുടെ ആക്രമണത്തിലുണ്ടായതാണെന്നാണ് നിഗമനം. കഴിഞ്ഞ ശനിയാഴ്ചയാണ് ഗ്രാമവാസിയായ ഭരത് ലാൽ മീണ (51) എന്നയാളെ കാലികളെ മേയ്ക്കുന്നതിനിടയിൽ കടുവ കൊലപ്പെടുത്തിയിരുന്നത്. ഈ സംഭവത്തിൽ വനം വകുപ്പിനെതിരെ ഗ്രാമീണർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കടുവയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News