കേരളത്തിന്റെ ആദ്യ സ്മാര്‍ട്ട് ബസ് കൊച്ചിയില്‍ സര്‍വ്വീസ് ആരംഭിച്ചു
കൊച്ചി: പ്രകൃതിവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ ആദ്യത്തെ സ്മാര്‍ട്ട് ബസ് കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു. സ്വകാര്യമേഖലയിലെ ഈ ആദ്യ സിഎന്‍ജി ബസ് കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിനുകീഴില്‍ വൈറ്റില- വൈറ്റില റൂട്ടിലാണ് സര്‍വീസ് നടത്തുക.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍. കൊച്ചി വണ്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിങ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം, എമര്‍ജന്‍സി ബട്ടണുകള്‍, നിരീക്ഷണ ക്യാമറകള്‍, ലൈവ് സ്ട്രീമിങ്, വനിതാ ടിക്കറ്റ് ചെക്കിങ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തിലുണ്ട്.
നിലവിലുള്ള ഡിസല്‍ എന്‍ജിന്‍ ബസ് നാലുലക്ഷം രൂപ മുടക്കി 10 ദിവസംകൊണ്ടാണ് സിഎന്‍ജി എന്‍ജിനാക്കി മാറ്റിയത്. വെള്ളിയാഴ്ച വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സിഇഒ ജാഫര്‍ മാലിക് ആദ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.