NationalNews

ക്ഷേത്ര പൂജാരിയെ വധിക്കാന്‍ വന്ന കശ്മീർഭീകരനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി: ടാസ്‌ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിയെ വധിക്കാൻ പദ്ധതിയിട്ടകശ്മീര്‍ പുല്‍വാമ സ്വദേശിയായ ഭീകരൻ പിടിയിൽ. പുൽവാമ സ്വദേശിയായ ജാൻ മുഹമ്മദ് ദർ എന്നയാളെയാണ് പഹാഡ്ഗഞ്ചിലെ ഹോട്ടലിൽനിന്ന് പോലീസ് പിടികൂടിയത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ജെയ്ഷെ മുഹമ്മദിന്റെ നിർദേശപ്രകാരമാണ് ഇയാൾ പൂജാരിയെ വധിക്കാൻ പഹാഡ്ഗഗഞ്ചിൽ എത്തിയതെന്നും ഡൽഹി പോലീസ് കണ്ടെത്തി.

ജാൻ മുഹമ്മദിന്റെ ബാഗിൽനിന്ന് തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ കാവി നിറത്തിലുള്ള കുർത്ത, വെളുത്ത പൈജാമ, മറ്റു പൂജാസാധനങ്ങൾ തുടങ്ങിയവയും ബാഗിൽനിന്ന് കണ്ടെടുത്തു. വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് പൂജാരിയെ വെടിവെച്ച് കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. പ്രാഥമിക ചോദ്യംചെയ്യലിൽ തന്നെ ജെയ്ഷെ മുഹമ്മദിന്റെ നിർദേശപ്രകാരമാണ് താൻ ഈ ദൗത്യം ഏറ്റെടുത്തതെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.

2020 ഡിസംബറിലാണ് ജാൻ മുഹമ്മദ് ജെയ്ഷെ ഭീകരവാദിയായ ആബിദുമായി പരിചയത്തിലാകുന്നത്. പാക് അധിനിവേശ കശ്മീരിൽ ജെയ്ഷെയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നയാളാണ് ആബിദ്. ഇയാളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാൻ മുഹമ്മദും ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചത്. ആബിദുമായി നിരന്തരം വാട്സാപ്പ് മുഖേന ഇയാൾ ബന്ധപ്പെട്ടിരുന്നു. 2021 ഏപ്രിൽ രണ്ടിന് ഇരുവരും അനന്ത്നാഗിൽവെച്ച് നേരിൽകണ്ടു. ഇവിടെവെച്ചാണ് പൂജാരിയായ സ്വാമി യതി നരസിങ്ങാന സരസ്വതിയെ വധിക്കാൻ ആബിദ് നിർദേശം നൽകിയത്.

നേരത്തെ വിവാദമായ പൂജാരിയുടെ ചില വീഡിയോകളും ഇയാൾ ജാൻ മുഹമ്മദിന് കാണിച്ചുനൽകി. ആബിദ് തന്നെ തോക്കും സംഘടിപ്പിച്ചുനൽകി. ഇത് ഉപയോഗിക്കേണ്ട രീതിയും കൃത്യമായി പഠിപ്പിച്ചു. ഇതിനുപുറമേ ജാൻ മുഹമ്മദിന് 6500 രൂപയും നേരിട്ടുനൽകി. 35,000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചു. ഏപ്രിൽ 23-നാണ് ജാൻ മുഹമ്മദ് ഡൽഹിയിലേക്ക് യാത്രതിരിച്ചത്. ഡൽഹിയിലെത്തിയ ഇയാൾ ആബിദിന്റെ സുഹൃത്തായ ഉമറിനെ കണ്ടു. തുടർന്ന് മൂന്ന് ദിവസം ഇയാളുടെ ഒളിസങ്കേതത്തിലായിരുന്നു താമസം.

പിന്നീട് ഇവിടെനിന്ന് പഹാഡ്ഗഞ്ചിലെ ഹോട്ടലിലേക്ക് താമസം മാറി. ഹോട്ടലിന് സമീപത്തെ കടകളിൽനിന്നാണ് കാവിവസ്ത്രങ്ങളും പൂജാസാധനങ്ങളും വാങ്ങിയത്. ഒരു പൂജാരിയെപ്പോലെ വേഷം മാറി ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് സ്വാമിയെ വധിക്കാനായിരുന്നു പദ്ധതി.അറസ്റ്റിലായ ജാൻ മുഹമ്മദ് നേരത്തെ കശ്മീർ പോലീസിന്റെ പിടിയിലായ ആളാണെന്നും പോലീസ് പറഞ്ഞു. 2016 ബുർഹാൻ വാനിയുടെ മരണത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലാണ് ഇയാൾ അറസ്റ്റിലായിട്ടുള്ളത്.

ഗാസിയബാദിലെ ടാസ്‌ന ദേവി ക്ഷേത്രത്തിലെ പൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിക്ക് നേരേ നേരത്തെയും വധഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇസ്ലാം മതത്തില്‍പ്പെട്ട 14-കാരൻ ക്ഷേത്രത്തിൽ അനധികൃതമായി കടന്നപ്പോൾ സ്വാമിയുടെ സാന്നിധ്യത്തിൽ ക്ഷേത്രത്തിൽ ചിലർ പയ്യനെ ചോദ്യം ചെയ്തിരുന്നു. ഇത് പിന്നീട് വധശ്രമമായി കണക്കാക്കി വലിയ വിവാദമുണ്ടായിരുന്നു.

ഇതോടെയാണ് സ്വാമി യതി നരസിങ്ങാനന്ദ വിവാദനായകനായത്. പിന്നീട് ഒരു വാർത്താസമ്മേളനത്തിൽ സ്വാമി യതി നരസിങ്ങാനന്ദ ചില പരാമർശങ്ങൾ ഇസ്ലാമിനെതിരെ നടത്തിയെന്നും റിപോർട്ടുണ്ട്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൂജാരിക്കെതിരേ വധഭീഷണികളും ഉയർന്നു. പൂജാരിയുടെ തല വെട്ടുന്നയാൾക്ക് 51 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഒരാൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇയാളെ പിന്നീട് ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് യു.പി. പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker