33.9 C
Kottayam
Monday, April 29, 2024

മോഹന്‍ലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല; അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍

Must read

താരസംഘടനയായ അമ്മയുടെ 2021- 24 ഭരണ സമിതി ലിസ്റ്റില്‍ നിന്നും നോമിനേഷന്‍ തള്ളപ്പെട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളപ്പെട്ടത്. എന്നാല്‍ തന്റെ നോമിനേഷന്‍ തള്ളപ്പെടണം എന്നൊരു തീരുമാനം നേരത്തെ ഉണ്ടായിരുന്നു എന്നും പലരേയും വിളിച്ചപ്പോള്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ കേട്ടുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

‘നാമനിര്‍ദ്ദേശ പത്രികയില്‍ ഡിക്ലറേഷനില്‍ എന്റെ ഒപ്പ് ഇല്ല എന്ന കാരണം പറഞ്ഞാണ് തള്ളിയിരിക്കുന്നത്. അതൊന്നുമല്ല കാരണം നേരത്തെ തള്ളണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു.ആ സമയത്ത് തന്നെ എന്റെ പക്കല്‍ നിന്നും ഒരു കൈയബദ്ധം പറ്റി. ഞാന്‍ മൂന്ന് നോമിനേഷന്‍ നല്‍കിയിരുന്നു. ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സ്‌ക്യൂട്ടീവ് കമ്മറ്റി എന്നിവയിലേക്കാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത്. ഇതില്‍ ഒന്നില്‍ മാത്രമേ മത്സരിക്കാന്‍ പറ്റുകയുള്ളു. അത് ഒമ്പതാം തീയതിക്കുള്ളില്‍ തീരുമാനിച്ചാല്‍ മതി. ഈ നാമനിര്‍ദേശം തള്ളിപ്പോയതോടെ ഇടവേള ബാബു ഐക്യകണ്ഠമായാണ് ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ഷമ്മി തിലകന്‍ പറയുന്നു.

‘എന്നാല്‍ ഇടവേള ബാബു എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിയോജിപ്പുമില്ല. 1997ല്‍ ഇടവേള ബാബുവിന് വേണ്ടി അമ്മയില്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് ഇടവേള ബാബുവിന് വോട്ടിങ് പവര്‍ പോലും ഇല്ലായിരുന്നു. എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്ന് ആവശ്യം അന്ന് ഉന്നയിച്ചിരുന്നു. അമ്മ എന്ന സംഘടന ജനാധിപത്യപരമാകണം എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ നോമിനേഷന്‍ നല്‍കിയത്.

ഇപ്പോള്‍ എന്റെ നോമിനേഷന്‍ തള്ളിയത് മനപൂര്‍വം തന്നെയാണ്. ഞാന്‍ പലരെയും ഫോണില്‍ വിളിച്ചപ്പോള്‍ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തില്‍ കേട്ടു. ഞാന്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്നേഹത്തോടെ തന്നെ ഷമ്മി ഒരു റിബല്‍ അല്ലേ എന്ന് ചോദിച്ചു. ഡിസംബര്‍ മൂന്ന് ആയിരുന്നു അവസാന തീയതി. രണ്ടാം തീയതി വരെ എന്നെ വട്ടു കളിപ്പിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മോഹന്‍ലാല്‍ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങള്‍ ഉന്നയിക്കണം എന്ന് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തല്‍ക്കാലം ഞാന്‍ പറയുന്നില്ല. എന്നാലും അതിന് പിന്നാലെ വിവരാവകാശ പ്രകാരം അമ്മയുടെ പല രേഖകളും ഞാന്‍ പരിശോധിച്ചു. അമ്മയുടെ ഓഫീസില്‍ നിന്നുമല്ല എനിക്ക് ആ രേഖകള്‍ ലഭിച്ചത്.

എനിക്ക് അത് നല്‍കേണ്ട എന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. പിന്നീട് രജിസ്ട്രാര്‍ വഴിയാണ് രേഖകള്‍ ലഭിച്ചത്. അമ്മ ഒട്ടും സുതാര്യമല്ല. അച്ഛന്‍ പറഞ്ഞതിന് അപ്പുറമാണ് അമ്മ. അച്ഛന്‍ പറഞ്ഞു അമ്മ ഒരു മാഫിയ സംഘമാണ് എന്ന്. എന്നാല്‍ അതിനും അപ്പുറമാണ് അമ്മ,’ ഷമ്മി തിലകന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week