24.8 C
Kottayam
Wednesday, May 15, 2024

തോമസ് ഐസക് അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും; എൽഡിഎഫ് മണ്ഡലം കമ്മിറ്റി റിപ്പോർട്ട്

Must read

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കുറഞ്ഞത് അമ്പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് വിജയിക്കുമെന്ന് എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. റിപ്പോർട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയോടുള്ള അതൃപ്തി മൂലം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വോട്ടിങ്ങിൽ പങ്കെടുത്തില്ല എന്നും സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് ലീഡ് ചെയ്യുമെന്നാണ് എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മിറ്റി സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി എന്നിവിടങ്ങളിൽ മോശമല്ലാത്ത ഭൂരിപക്ഷം എൽഡിഎഫ് നേടുമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് എൽഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി.

യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയോടുള്ള അസംതൃപ്തി മൂലം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വോട്ടിങ്ങിൽ നിന്നും വിട്ട് നിന്നതായും എൽഡിഎഫ് വിലയിരുത്തലുണ്ട്. പരാജയ ഭീതിമൂലമാണ് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി എൽഡിഎഫിനെതിരെ കള്ളവോട്ട് ആരോപണം ഉയർത്തിയതെന്നും രാജു എബ്രഹാം പറഞ്ഞു.

യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ടിങ്ങ് ശതമാനം കുറവായിരുന്നുവെന്നും എൽഡിഎഫ് നടത്തിയ പന്ത്രണ്ടായിരത്തിലധികം കുടുംബയോഗങ്ങൾ തോമസ് ഐസക്കിൻ്റെ വിജയത്തിന് സഹായകരമാകുമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week