KeralaNews

കോണ്‍ഗ്രസ് വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കുന്നത് നിര്‍ത്തണം; മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ഷമ മുഹമ്മദ്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കുന്ന പരിപാടി നിര്‍ത്തണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. വരുന്ന തിരഞ്ഞെടുപ്പില്‍ സത്രീ സാന്നിധ്യമില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. എത്ര തോറ്റാലും ഉറപ്പുള്ള സീറ്റില്‍ പുരുഷന്‍മാര്‍ക്ക് നല്‍കുന്നു.

സിപിഎം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്നുണ്ട്. 94 ശതമാനം വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ല. കണ്ണൂരില്‍ കല്ല്യാശ്ശേരി, പയ്യന്നൂര്‍ പോലുള്ള തോല്‍ക്കുന്ന സീറ്റുകളിലാണ് വനിതകളെ പരിഗണിക്കാറുള്ളത്. ഇത്തവണ ഇവിടെ പുരുഷന്‍മാര്‍ മത്സരിക്കണമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

ഒരു ഗ്രൂപ്പിലും ഇല്ലാത്തത് കൊണ്ടാണോ താന്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇല്ലാത്തത്. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ ഒരുക്കമാണെന്നും ഷമ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ പുരുഷ മേധാവിത്വം കൂടുതലാണെന്നും താനത് അനുഭവിച്ചതുകൊണ്ടാണ് പറയുന്നതെന്നും ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. ‘ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടിയില്‍ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകുമോ. യു.പിയിലും രാജസ്ഥാനിലുമെല്ലാം സ്ത്രീകള്‍ മുന്നിലിരിക്കും’ ഷമ പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും ഇത്തരം നിലപാടുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞാനാണ് കേരളത്തില്‍ നിന്നുള്ള ഒരേയൊരു ദേശീയ വക്താവ്. ആദ്യമായാണ് ഒരു സ്ത്രീ ഈ പദവിയില്‍ എത്തുന്നത്. പക്ഷേ പുരുഷനായിരുന്നു ഇവിടേക്ക് വന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. എ.ഐ.സി.സി വരുന്നുണ്ടെന്ന് പറയും. പക്ഷേ ഇവിടെ അവര്‍ക്ക് ഞാനൊരു എ.ഐ.സി.സിക്കാരിയൊന്നുമല്ല. ഒരു സാധാരണക്കാരി മാത്രം,’ ഷമ പറഞ്ഞു.

ഇപ്പോള്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും ഷമ പറഞ്ഞു. ‘സംവരണം നടപ്പിലാക്കണം. കേന്ദ്രസര്‍ക്കാരിന് നിയമം പാസ്സാക്കാം. എന്നാല്‍ മോദി സര്‍ക്കാര്‍ അത് ചെയ്യുന്നില്ല. 33 ശതമാനം വനിതാ സംവരണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നയം. കോണ്‍ഗ്രസിന് വേണമെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കാം. മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരളത്തിലെ രാഷ്ട്രീയത്തില്‍ വനിതകള്‍ക്കില്ല,’ ഷമ ന്യൂസിനോട് പറഞ്ഞിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button