FeaturedHome-bannerKeralaNews

‘മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ വന്ന് കണ്ടു, ഭീഷണിപ്പെടുത്തി, ഹർജിയിൽ ഗുരുതര ആരോപണവുമായി സ്വപ്ന

കൊച്ചി: ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്ന പേരിലൊരാൾ തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും, കുട്ടികൾ ഒറ്റയ്ക്കാവുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ സ്വപ്ന സുരേഷ് പറയുന്നു. 

രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ന് രാവിലെ പത്ത് മണിയോടെ പിൻവലിക്കണം. ഇത് പിൻവലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ താനിതിന് തയ്യാറാകാതിരുന്നതോടെ, തന്നെ വളരെ രൂക്ഷമായ ഭാഷയിൽ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു. ഇയാൾ പറഞ്ഞതിന്‍റെ ഒരു ഭാഗം താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയിൽ ഹാ‍ജരാക്കാൻ തയ്യാറാണെന്നും സ്വപ്ന ഹർജിയിൽ പറയുന്നു. 

കെ പി യോഹന്നാന്‍റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ വന്നതെന്ന് ഹ‍ർജിയിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. കെ പി യോഹന്നാന്‍റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ജൂൺ എട്ടാം തീയതി, അതായത് ഇന്നലെയാണ് ഇയാൾ വന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെത്തിയത്.

യുപി റജിസ്ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി കിരൺ വന്നത്. യുപി – 41 ആർ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത് എന്നാണ് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങൾ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താൻ വന്നതെന്നാണ് ഷാജി കിരൺ പറഞ്ഞത്. 

മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഷാജി കിരൺ തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി അടിയന്തരമായി പിൻവലിക്കണം. മൊഴി പിൻവലിച്ച് പുതിയ വീഡിയോ ഇടാൻ നിങ്ങൾക്ക് നാളെ രാവിലെ 10 മണി വരെയാണ് നിങ്ങൾക്ക് സമയം തരുന്നതെന്ന് ഭീഷണിസ്വരത്തിൽ ഇയാൾ തന്നോട് പറഞ്ഞു.

ഇത് അനുസരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും, കേസിൽ അറസ്റ്റിലാകുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറയുന്നു. ആർഎസ്എസ്സും ബിജെപിയും പറഞ്ഞതനുസരിച്ചാണ് താനിത് ചെയ്തതെന്നും പറഞ്ഞതൊന്നും സത്യമല്ലെന്ന് പറയണമെന്നും സ്വപ്നയോട് ഇയാൾ പറഞ്ഞുവെന്നാണ് ഹ‍ർജിയിൽ പറയുന്നത്.

പൊലീസ് പുതുതായി റജിസ്റ്റർ ചെയ്ത കേസിൽ ഇക്കാര്യം അനുസരിച്ചില്ലെങ്കിൽ ഉടനടി അറസ്റ്റ് ചെയ്യുമെന്നും, കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും, റിമാൻഡിലാകും, പിന്നെ പത്ത് വയസ്സുള്ള കുട്ടികൾ ഒറ്റയ്ക്കാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker