ലൈംഗികത്തൊഴിലും തൊഴില്‍ തന്നെ,ക്രിമിനല്‍ നടപടി പാടില്ല,സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങളിങ്ങനെ
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലും ഒരു തൊഴില്‍ തന്നെയാണെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ നടപടിയെടുക്കുകയും ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ആറ് നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ലൈംഗിക തൊഴിലാളികള്‍ക്ക് നിയമത്തിന് കീഴില്‍ തുല്യ പരിരക്ഷയ്ക്ക് അര്‍ഹതയുണ്ട്. പ്രായം, പരസ്പര സമ്മതം എന്നിവയുടെ അടിസ്ഥാനത്തിലേ ക്രിമിനല്‍ കേസെടുക്കാന്‍ പാടുള്ളു. അതായത് ലൈംഗിക തൊഴിലാളി പ്രായപൂര്‍ത്തി ആയ വ്യക്തിയും സമ്മതത്തോടെയാണ് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ പൊലീസ് കേസെടുക്കാന്‍ പാടുള്ളതല്ല. തൊഴില്‍ ഏതു തന്നെയായാലും ഈ രാജ്യത്തെ ഒരോ പൗരനും ഭരണഘടനയുടെ 21 ാം അനുച്ഛേദം അനുസരിച്ച് മാന്യമായ ജീവിതത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ലൈംഗികതൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. വേശ്യാലയങ്ങളിലെ റെയിഡുകളില്‍ ലൈംഗികതൊഴിലാളികളെ ഇരകളാക്കുകയും ചെയ്യരുത്. സ്വമേധയാ ഉള്ള ലൈംഗികതൊഴില്‍ മാത്രമാണ് നിയമവിരുദ്ധമല്ലാത്തത്. എന്നാല്‍ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധം തന്നെയാണെന്നും കോടതി ഉത്തരവിട്ടു.
അമ്മ ലൈംഗികതൊഴിലാളിയാണെന്ന പേരില്‍ അവരുടെ കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പെടുത്താന്‍ പാടില്ല. ഒരു സാധാരണ വ്യക്തിക്ക് ലഭിക്കുന്ന മര്യാദയുടേയും അന്തസിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗിക തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗിക തൊഴിലാളികളോടുള്ള പൊലീസിന്റെ മനോഭാവം പലപ്പോഴും ക്രൂരവും അക്രമാസക്തവുമാണെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ പരാതിയുമായി എത്തുന്ന ലൈംഗിക തൊഴിലാളികളോട് പൊലീസ് വിവേചനം കാണിക്കാന്‍ പാടില്ല. പീഡനക്കേസുകളില്‍ അതിജീവിതയ്ക്ക് നല്‍കുന്ന അതേ പരിഗണന ലൈംഗിക തൊഴിലാളികള്‍ക്കും നല്‍കണം. ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളികള്‍ക്ക് ഉടന്‍ തന്നെ വൈദ്യ-നിയമ സഹായം ഉള്‍പ്പടെയുള്ള എല്ലാ സൗകര്യങ്ങളും നല്‍കണം. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളില്‍ അവര്‍ ഇരകളോ പ്രതികളോ ആയിരുന്നാലും അവരുടെ വ്യക്തിത്വം വെളിപ്പെടുത്താതിരിക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കണം. അവരുടെ പേര്, ഫോട്ടോ തുടങ്ങിയ കാര്യങ്ങളൊന്നും പുറത്തുവിടുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു.
ഈ ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം എന്താണെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് അടുത്ത വാദം കേള്‍ക്കുന്ന ജുലായ് 27 ന് മുമ്പ് തന്നെ അറിയിക്കണമെന്നും കോടതി പറഞ്ഞു.