KeralaNews

സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്; വൈകിട്ടു വരെ ക്ലാസ്സുകള്‍; എത്തുന്നത് 47 ലക്ഷം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലമുള്ള അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ സാധാരണ നിലയിലേക്ക്. ഇന്നു മുതല്‍ രാവിലെ മുതല്‍ വൈകീട്ടു വരെ ക്ലാസ്സുകളുണ്ടാകും. സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തും.

ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണ് സ്‌കൂളുകളിലേക്കെത്തുക. പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ളവര്‍ക്ക് ഉച്ചഭക്ഷണം നല്‍കും.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.പൊതുവിദ്യാഭ്യാസ – ആരോഗ്യ – ഗതാഗത – തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button