ആലപ്പുഴ: ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി ആക്കിയതിനാല്‍ ഫീസ് ഇളവിനായി രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ പേരില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പഠനം നിഷേധിച്ചതായി പരാതി. ഇക്കൊല്ലം ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് കായംകുളം വേലന്‍ചിറ ജനശക്തി പബ്ലിക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത്.
എന്നാല്‍ ഫീസിന്റെ പേരില്‍ നവമാധ്യമങ്ങളൂടെയടക്കം സ്‌കൂളിനെ നിരന്തരം അപമാനിച്ചതിനാല്‍ അധ്യാപകര്‍ ഉള്‍പ്പെടെ ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ജൂണ്‍ രണ്ടിന് മറ്റ് കുട്ടികള്‍ ഓണ്‍ലൈനില്‍ പഠനം തുടങ്ങിയപ്പോള്‍ മുതല്‍ ഈ കുട്ടികള്‍ പരിധിക്ക് പുറത്താണ്.
ഇവര്‍ പഠിക്കുന്ന ജനശക്തി പബ്ലിക് സ്‌കൂളില്‍ കൊവിഡ് കാലത്തും അമിത ഫീസ് വാങ്ങുന്നുവെന്ന പരാതിയുമായി കഴിഞ്ഞ വര്‍ഷം രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സമാന പരാതികള്‍ ഒന്നിച്ച് തീര്‍പ്പാക്കിയ കോടതി, 15 മുതല്‍ 25 ശതമാനം വരെ ഫീസ് ഇളവ് നല്‍കണമെന്ന ഉത്തരവും നല്‍കി. കോടതി കയറി ഫീസ് കുറപ്പിച്ചതിന്റെ പ്രതികാരമായാണ് ഈ വര്‍ഷം കുട്ടികള്‍ക്ക് പഠനം നിഷേധിച്ചതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
കോടതി പറഞ്ഞ ഫീസ് പൂര്‍ണ്ണമായും കഴിഞ്ഞ അധ്യയന വര്‍ഷം ഇവര്‍ അടച്ചിരുന്നു. എന്നാല്‍ സ്‌കൂളിനെയും അധ്യാപകരെയും നവമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചെന്നും, മറ്റ് രക്ഷിതാക്കളോട് ഒരു ഫീസും അടയ്ക്കരുതെന്ന് നിര്‍ബന്ധിച്ചതായും പ്രിന്‍സിപ്പാള്‍ ആര്‍ സജീവന്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കുട്ടികളെ പുതിയ ക്ലാസില്‍ പ്രവേശിപ്പിക്കുന്നതിനോട് താല്‍പ്പര്യം ഇല്ലെന്ന് മുഴുവന്‍ അധ്യാപകരും ഒന്നിച്ച് തീരുമാനമെടുതാണെന്ന് മാനേജ്മെന്റും വ്യക്തമാക്കി.