28.9 C
Kottayam
Tuesday, May 7, 2024

സൗദി സന്ദര്‍ശനം:മാപ്പ് പറഞ്ഞ് മെസി

Must read

പാരിസ്: സൗദി സന്ദര്‍ശനത്തില്‍ പിഎസ്‌ജി ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി. വീഡിയോ സന്ദേശത്തിലൂടെയാണ് മെസിയുടെ ക്ഷമാപണം. ക്ലബിനെ അറിയിക്കാതെയുള്ള സൗദി സന്ദര്‍ശനത്തിന് പിന്നാലെ വിലക്ക് നേരിട്ടതോടെയാണ് മെസിയുടെ ക്ഷമാപണം.

‘ഞാനൊരു യാത്ര പദ്ധതിയിട്ടിരുന്നു, അത് ഒഴിവാക്കാനായില്ല, കാരണം നേരത്തെ ഒരുവട്ടം ഒഴിവാക്കിയ പരിപാടിയാണത്. ക്ലബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു’ എന്നുമാണ് ലിയോണല്‍ മെസി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. 

അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശനത്തിന് പോയെന്നതിന്‍റെ പേരില്‍ പിഎസ്‌ജി രണ്ടാഴ്‌ചത്തേക്ക് സസ്പെന്‍ഡ് ചെയ്‌ത ലിയോണല്‍ മെസി ക്ലബുമായുള്ള കരാര്‍ റദ്ദ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സൗദി ക്ലബായ അല്‍ ഹിലാലിലേക്കാവും മെസി പോകുകയെന്നായിരുന്നു റിപ്പോര്‍ട്ട്.

പഴയ ക്ലബായ ബാഴ്‌സലോണ അവരുടെ ഇതിഹാസ താരമായ മെസിയെ സ്വീകരിക്കാന്‍ തയാറാണെങ്കിലും സ്‌പാനിഷ് ലാ ലിഗയിലെ സാമ്പത്തിക നടപടിക്രമങ്ങള്‍ മെസിയുടെ തിരിച്ചുവരവിന് തടസമാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ക്ലബ് സസ്‌പെന്‍ഷന്‍ നല്‍കിയതിനും ഇത്തരം അഭ്യൂഹങ്ങള്‍ പടരുന്ന സാഹചര്യത്തിനും പിന്നാലെയാണ് മെസിയുടെ മാപ്പ് ചോദിക്കല്‍. ഇതിനോട് പിഎസ്‌ജി ക്ലബ് വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

രണ്ടാഴ്‌ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്‌ജിയുമായി കരാര്‍ പുതുക്കില്ലെന്ന് വ്യക്തമായ ലിയോണല്‍ മെസിക്ക് 32,686,537,600 കോടി രൂപയുടെ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അടുത്ത സീസണിലേക്കുള്ള ഓഫറാണ് ക്ലബ് മുന്നോട്ടുവച്ചിരിക്കുന്നത്.

മെസിക്ക് നിലവില്‍ ലഭിച്ചിരിക്കുന്ന ഏക ഓഫറും ഇതാണെന്നാണ് സൂപ്പര്‍ താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വര്‍ഷത്തേക്ക് 400 മില്യണ്‍ ഡോളറാണ് മെസിക്ക് പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഫലം. മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ പിഎസ്‌ജിയുടെയും മെസിയുടേയും അടുത്ത നീക്കം എന്താകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week